ഓണാഘോഷം അതിരുകടന്നു, കുട്ടിയെ ജീപ്പിന്റെ ബോണറ്റിന്റെ മുകളില്‍ ഇരുത്തി അപകടകരമായ രീതിയില്‍ യാത്ര, ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം. ഓണാഘോഷത്തിനിടെ കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളില്‍ ഇരുത്തി അപകടകരമായ രീതിയില്‍ യാത്രചെയ്ത സംഭവത്തിൽ ജീപ്പും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ. സംഭവം വിവാദമാകുകയും വ്യാപക വിമര്‍ശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തിരുന്നു.

ഓണാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരമാണ് യുവാക്കളുടെ സംഘം കുട്ടിയെ ബോണറ്റില്‍ ഇരുത്തി കഴക്കൂട്ടം പ്രദേശത്തു കറങ്ങിയത്. കുട്ടിയെ തുറന്ന ജീപ്പിന്റെ മുന്‍വശത്ത് ബോണറ്റിനു മുകളില്‍ ഇരുത്തി സാഹസിക യാത്ര നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്.

ആറ്റിങ്ങല്‍ സ്വദേശിയാണ് വാഹനത്തിന്റെ ഉടമയെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജീപ്പും അതോടിച്ചിരുന്ന ഡ്രൈവറെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം മേനംകുളം വാടിയില്‍നിന്നാണ് ജീപ്പ് കണ്ടെടുത്തത്. അപകടകരമായ ഡ്രൈവിങ്ങിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിനു രൂപമാറ്റം വരുത്തിയതിനു മോട്ടര്‍ വാഹന വകുപ്പും കേസെടുക്കും.