രാജ്യത്ത് മൂന്നിലൊന്ന് സ്ത്രീകളും അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്ന് കണ്ടെത്തല്‍

ഡൽഹി: രാജ്യത്ത് മൂന്നിലൊന്ന് സ്ത്രീകളും ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്ന് കണ്ടെത്തല്‍. ദേശീയ കുടുംബാരോഗ്യ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്. വീടുകളില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്.

18നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ സര്‍വ്വേപ്രകാരം 30 ശതമാനം പേര്‍ ശാരീരികമായ അതിക്രമങ്ങള്‍ക്ക് ഇരയായി. ആറ് ശതമാനം സ്ത്രീകള്‍ ലൈംഗീക അതിക്രമങ്ങള്‍ക്കും ഇരയാക്കപ്പെട്ടു.

വീടുകളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ കഴിഞ്ഞ സര്‍വ്വേ കാലത്ത് 31.2 ശതമാനം ആയിരുന്നുവെങ്കില്‍ ഇത്തവണ അത് 29.3 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനം സ്ത്രീകള്‍ ഗര്‍ഭ കാലത്ത് പോലും അതിക്രമങ്ങള്‍ക്ക് ഇരയായതായും 2019-21 കാലത്ത് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.