ഓൺലൈൻ ഓർഡർ ചെയ്ത ഭക്ഷണത്തിൽ പഴകിയ ചിക്കൻ, പരാതിപ്പെട്ടപ്പോൾ പറഞ്ഞത് ഗൂഗിളിൽ പോയി റിവ്യൂ എഴുതാൻ, ശ്രീജിത്ത് പെരുമന

കൊച്ചി : സൊമാറ്റോ വഴി ഓർഡർ ചെയ്തപ്പോൾ പഴകിയ ഭക്ഷണം ലഭിച്ചതായി അഡ്വ ശ്രീജിത്ത് പെരുമനയുടെ പരാതി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു ഹോട്ടിലിൽ നിന്ന് ഭക്ഷണം കഴിച്ച ആർടിഒയ്ക്കും കുടുംബത്തിനും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നാലെയാണ് ഈ വാർത്തയും എത്തുന്നത്.

‘ഹോട്ടലിൽ നിന്നും മേടിച്ച പൊതിച്ചോർ ആവറേജിലും താഴെയാണ് എന്ന് മാത്രമല്ല, ചിക്കൻ 65 ലെ ചിക്കൻ പഴയതും, വീണ്ടും ഫ്രൈ ചെയ്ത് കരിച്ച് മണം വമിക്കുന്നതുമായിരുന്നു. സൊമറ്റോയെ വിളിച്ച് പരാതി നൽകി. ഭക്ഷണത്തിന്റെ വീഡിയോയും ഫോട്ടോകളും നൽകി. എന്നാൽ ഗൂഗിളിൽ പോയി റിവ്യൂ എഴുതനായിരുന്നു വിചിത്രമായ മറുപടി’- ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ

ക്രിക്കറ്റ് ഫൈനൽ കണ്ടുകൊണ്ടിരിക്കുന്നതിനാൽ പുറത്ത് കഴിക്കാൻ പോകാൻ പറ്റിയില്ല. ഭക്ഷണം zomato ആപ്പിലൂടെ Tharavad Eatery “തറവാട് ഈറ്ററി ” കല്ലൂർ എന്ന ഹോട്ടലിൽ നിന്നാണ് ബുക്ക് ചെയ്തത്. പൊതിച്ചോറും, ചിക്കൻ 65ഉം, ഞാൻ മറ്റൊരു ഹോട്ടലിൽ നിന്നും കഞ്ഞി ഓർഡർ ചെയ്തത് കൊണ്ട് പൊതിച്ചോർ സുഹൃത്താണ് കഴിച്ചത്.

തറവാട് ഈറ്ററി ഹോട്ടലിൽ നിന്നും മേടിച്ച പൊതിച്ചോർ ആവറേജിലും താഴെയാണ് എന്ന് മാത്രമല്ല, ചിക്കൻ 65 ലെ ചിക്കൻ പഴയതും, വീണ്ടും ഫ്രൈ ചെയ്ത് കരിച്ച് മണം വമിക്കുന്നതുമായിരുന്നു. സോമറ്റോയെ വിളിച്ച് പരാതി നൽകി. ഭക്ഷണത്തിന്റെ വീഡിയോയും ഫോട്ടോകളും നൽകി. എന്നാൽ ഗൂഗിളിൽ പോയി റിവ്യൂ എഴുതനായിരുന്നു വിചിത്രമായ മറുപടി.

അതിനിടയിൽ ഹോട്ടലുമായി ബന്ധപ്പെടാൻ ലഭ്യമായ എല്ലാ നമ്പറുകളിൽ നിന്നും ശ്രമിച്ചു. ആരും ഫോൺ എടുത്തില്ല. തുടർന്നാണ് സോമട്ടോയോട് ശക്തമായ ഭാഷയിൽ പറഞ്ഞത്. അല്പം മുൻപ് zomato മെയിൽ ലഭിച്ചു. തെറ്റ് പറ്റിയതിൽ ക്ഷമിക്കണം എന്നും, 50 രൂപ ഈ ഹോട്ടലിൽ നിന്നും അടുത്ത ഓർഡറിൽ ഡിസ്‌കൗണ്ട് തരുമെന്നും ദയവുചെയ്ത് തറവാട് ഹോട്ടലിനെ കുറിച്ചുള്ള റിവ്യൂ ഡിലീറ്റ് ചെയ്യണം എഞ്ഞുമായിരുന്നു അഭ്യർത്ഥന.

അതായത് എന്റെ നഷ്ടത്തിനും അപമാനത്തിനുമൊക്കെ തറവാട് ഹോട്ടൽ മുതലാളിയുടെ അമ്പത് രൂപ 50 Rs. നഷ്ട്ട പരിഹാരം. കൂടാതെ റിവ്യൂ ഡിലീറ്റും ചെയ്യണം. എന്തായാലും കാര്യങ്ങൾ ഇത്രയൊക്കെ ആയില്ലേ. ഭക്ഷണം പരിശോധനക്ക് അയക്കുകയാണ്. ആശുപത്രിയിൽ ആരോഗ്യ പരിശോധനയും നടത്തുന്നുണ്ട്. ഒരു കസ്റ്റമറുടെ അന്തസ്സിനും അഭിമാനത്തിനും അതിലുപരി ആരോഗ്യത്തിനും നക്കാപിച്ച വിലയിടുന്ന #zomato യും, #TharavadEatery യും ഒന്ന് കരുതിയിരുന്നോ.