ഓണ്‍ലൈനായി ഒരു ലക്ഷത്തിന്റെ ലാപ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് കടലാസ്സ് കെട്ട്; ആരോപണം നിഷേധിച്ച് കമ്പനി

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലൂടെ ഒരു ലക്ഷത്തിലധികം വിലയുള്ള ലാപ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്ത വിദ്യാര്‍ത്ഥിനിക്ക് ലഭിച്ചത് കടലാസ്സ് കെട്ട്. ഓണ്‍ലൈനായി 1,14,700 രൂപ വിലവരുന്ന ലാപ്പ്‌ടോപ്പ് ബുക്ക് ചെയ്ത പറവൂര്‍ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിക്കാണ് വേസ്റ്റ് പേപ്പറിന്റെ കെട്ട് ലഭിച്ചത്. വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ സൈബര്‍ പോലീസ് ഹരിയാണയിലുള്ള സ്വകാര്യ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ആരോപണം നിഷേധിച്ചു. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ സൈബര്‍ പോലീസ് നിരത്തിയതോടെ വിദ്യാര്‍ഥിനിക്ക് പണം തിരികെ നല്‍കാമെന്ന് കമ്പനി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂണിലാണ് പറവൂര്‍ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് വഴി ലാപ്പ്‌ടോപ്പ് ബുക്ക് ചെയ്തത്. അമ്മയുടെ അക്കൗണ്ടില്‍ നിന്നും പണവും നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ പാഴ്‌സലുമെത്തി. പാഴ്‌സല്‍ തുറന്ന് നോക്കിയപ്പോള്‍ പഴയ കടലാസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പാഴ്‌സല്‍ തുറക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നു. വീഡിയോ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിന് പരാതിപ്പെട്ടുവെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് വിദ്യാര്‍ഥിനി ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. എസ്.പിയുടെ നേതൃത്വത്തില്‍ ആലുവ സൈബര്‍ പോലിസ് സ്റ്റേഷനിലെ പ്രത്യേക സംഘം കേസ് അന്വേഷിച്ചു.

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിനുവേണ്ടി ലാപ്പ്‌ടോപ്പ് നല്‍കിയത് ഹരിയാണയില്‍ നിന്നുള്ള ഒരു സ്വകാര്യ കമ്പനിയാണെന്ന് സംഘം കണ്ടെത്തുകയുമായിരുന്നു. ഈ കമ്പനി കൃഷി – ഹെര്‍ബല്‍ സംബന്ധമായ ഉല്‍പന്നങ്ങളുടെ വില്‍പന നടത്തുന്ന സ്ഥാപനമാണ്. കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും ആദ്യം അവര്‍ സമ്മതിച്ചില്ല. എന്നാല്‍ ശാസ്ത്രീയ അന്വേഷണങ്ങളുടെയും, തെളിവുകളുടേയും വെളിച്ചത്തില്‍ നടപടിയുമായി മുന്നോട്ടു പോകുന്നതിനിടയില്‍ ലാപ് ടോപ്പിന് അടച്ച തുക വിദ്യാര്‍ഥിനിക്ക് തിരികെ നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു.

സൈബര്‍ എസ്.എച്ച് ഒ എം.ബി ലത്തീഫ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ പി.എം തല്‍ഹത്ത് തുടങ്ങിയവരാണ് അന്വഷണ സംഘത്തിലുള്ളത്. തുടര്‍ നടപടികളുമായി മുന്നോട് പോകുമെന്ന് എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു.