വായ്പാ വാഗ്ദാനം നിരസിച്ചു, യുവാവിന് നേരെ ഓൺലൈൻ വായ്പാ സംഘത്തിന്റെ ഭീഷണി, യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു

പത്തനംതിട്ട. വായ്പാവാഗ്ദാനം നിരസിച്ചതിനെ തുടർന്ന് യുവാവിന് നേരെ ഓൺലൈൻ വായ്പാ സംഘത്തിന്റെ ഭീഷണി. യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. . തിരുവല്ലാ സ്വദേശി അനിൽകുമാറിന് നേരെയാണ് വായ്പാ സംഘം ഭീഷണി മുഴക്കിയത്.

ഉയർന്ന തുകയുടെ വായ്പാ വാഗ്ദാനം നിരസിച്ചതിനെ തുടർന്നാണ് ഓൺലൈൻ സംഘത്തിന്റെ നീക്കം. യുവാവ് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. ഓൺലൈൻ വായ്പാ സംഘത്തിൽ നിന്നും ആദ്യ ഘട്ടത്തിൽ 20,000 രൂപയുടെ വായ്പ എടുത്തിരുന്നുവെങ്കിലും അവ തിരിച്ചടച്ചു. മൂന്ന് തവണയായി ഇത്തരത്തിൽ വായ്പകൾ അനിൽകുമാർ തിരിച്ചടച്ചിരുന്നു.

ഇതിന് ശേഷമാണ് ഒരു ലക്ഷം രൂപ വായ്പ എടുക്കുന്നത് സംബന്ധിച്ച് അനിൽ കുമാറിന് മെസ്സേജ് വരുന്നത്. ഉടൻ തന്നെ യുവാവ് ഇത് നിരസിച്ചു. തുടർന്ന് ലോണെടുക്കണമെന്ന് നിർബന്ധിച്ച് വ്യാപക കോളുകളാണ് അനിൽ കുമാറിനെത്തിയത്. പിന്നാലെ ഇദ്ദേഹത്തിന്റെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ളവർക്കും മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.