വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റും

തിരുവനന്തപുരം: മുൻ മുഖ്യമന്തി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച വൈകിട്ടാണ് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അണുബാധ നിയന്ത്രണവിധേയമായതിനാല്‍ അദ്ദേഹത്തിനെ കാന്‍സറിന്റെ തുടര്‍ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റാനാണ് തീരുമാനം. ബുധനാഴ്ച വൈകിട്ടോടെ എയര്‍ലിഫ്റ്റ് ചെയ്ത് ബെംഗളൂരുവിലെത്തിക്കും. ശേഷം അവിടെനിന്ന് കാന്‍സര്‍ ചികിത്സ പൂര്‍ത്തിയാക്കും.

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. മരുന്നുകള്‍ നല്‍കിത്തുടങ്ങിയെന്നും അണുബാധയില്‍ കുറവുണ്ടെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു.

ഡോക്ടർമാരുമായി സംസാരിച്ച വീണാ ജോർജ് മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ തുടർചികിത്സ ലഭ്യമാക്കണമെന്ന് നിർദേശിച്ചു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.

ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുകയാണെന്ന് ആരോപിച്ച് സഹോദരൻ രംഗത്തെത്തിയിരുന്നു. വിദഗ്ദ്ധ ചികിത്സ ഒരുക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് സഹോദരൻ ഉൾപ്പടെ 42 ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. തിരുവനന്തപുരത്തെ വസതിയിൽ ഉമ്മൻചാണ്ടിയെ സന്ദർശിക്കുന്നതിന് കുടുംബം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ബന്ധുക്കൾ മുഖ്യമന്ത്രിയെ സമീപിച്ചത്.