ഓപ്പറേഷൻ കാവേരി, സുഡാനിൽ നിന്നുമുള്ള 20-ാം സംഘം ജിദ്ദയിൽ എത്തി

ജിദ്ദ: സുഡാനിൽ നിന്നും 116 ഇന്ത്യക്കാർ അടങ്ങുന്ന 20-ാം സംഘം ജിദ്ദയിൽ എത്തി. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനത്തിലാണ് ഇവർ എത്തിയത്. ഇതിനോടകം 3500 ൽ അധികം ഇന്ത്യക്കാരെയാണ് സുഡാനിൽ നിന്നും ജിദ്ദയിൽ എത്തിച്ചത്. സംഘർഷ ഭൂമിയായ സുഡാനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനായി കേന്ദ്ര സർക്കാർ ഏപ്രിൽ 24 നാണ് ഓപ്പറേഷൻ കാവേരി ആരംഭിച്ചത്.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നേരിട്ട് ജിദ്ദയിലെത്തിലാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. ആദ്യ സംഘം ഇന്ത്യക്കാരെ സുഡാൻ പോർട്ടിൽ നിന്നും ഇന്ത്യൻ നാവിക സേനയുടെ കപ്പലിലാണ് ജിദ്ദയിൽ എത്തിച്ചത്. എന്നാൽ തുടർന്നുള്ള ദൗത്യങ്ങൾക്ക് വ്യോമസേന വിമാനങ്ങൾ ഉപയോഗിക്കുകയായിരുന്നു.

സുഡാനിൽ നിന്നും ജിദ്ദയിലെത്തിച്ച 328 യാത്രക്കാർ കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചിരുന്നു. ഇതോടെ ഓപ്പറേഷൻ കാവേരിയിലൂടെ ഇന്ത്യയിലെത്തുന്നവരുടെ എണ്ണം 3000 കടന്നു. സുഡാനിൽ സംഘർഷം മാറ്റമില്ലാതെ തുടരുകയാണ്.

അതിനാൽ ബാക്കിയുള്ള ഇന്ത്യക്കാരെയും ഉടൻ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതികൂല സാഹചര്യം പരിഗണിച്ച് ഇന്ത്യയുടെ സുഡാനിലെ എംബസിയുടെ പ്രവർത്തനം തലസ്ഥാനമായ ഖാർത്തുമിൽ നിന്നും പോർട്ട് സുഡാനിലേക്ക് മാറ്റിയിരിക്കുകയാണ്.