ഓപ്പറേഷൻ കാവേരി, സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്കായുള്ള രക്ഷാ ദൗത്യം, വി മുരളീധരൻ ജിദ്ദയിലേയ്ക്ക് തിരിച്ചു

ന്യൂഡൽഹി: ആഭ്യന്തര സൈനിക കലാപം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ കാവേരിയ്ക്ക് മുന്നിൽ നിന്ന് നയിക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലേയ്ക്ക് തിരിച്ചു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് അദ്ദേഹം ജിദ്ദയിലേയ്ക്ക് തിരിച്ചത്. സുഡാനിൽ നിന്ന് കപ്പൽ മാർഗം എത്തിക്കുന്ന ഇന്ത്യക്കാരെ ജിദ്ദയിൽ നിന്ന് രാജ്യത്തേക്ക് എത്തിക്കും.

500-ഓളം ഇന്ത്യക്കാർ നിലവിൽ സുഡാനിലെ പോർട്ടിലെത്തിച്ചേർന്നതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. ഓപ്പറേഷൻ കാവേരി എന്ന രക്ഷാ ദൗത്യത്തിനായി ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പൽ സുഡാനിലെത്തി. ഐഎൻഎസ് സുമേധയാണ് സുഡാൻ തീരമണഞ്ഞത്. വ്യോമസേനയുടെ സി 130 ജെ എന്ന വിമാനം ജിദ്ദ വിമാനത്താവളത്തിൽ പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഫ്രാൻസ് എയർ ഫോഴ്സും സൗദി നാവിക സേനയും നടത്തിയ രക്ഷാ ദൗത്യത്തിൽ ഏതാനും ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിരുന്നു. മൂവായിരത്തിലധികം ഇന്ത്യക്കാർ സുഡാനിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. ആഭ്യന്തര സൈനിക കലാപം രൂക്ഷമായതിനെ തുടർന്ന് പല വിമാനത്താവളങ്ങളും തകർന്നതിനാലാണ്. അതിനാലാണ് കപ്പൽ മാർഗം ആളുകളെ രക്ഷിക്കാൻ ശ്രമം നടത്തുന്നത്.