സുഡാനിൽ നിന്നുള്ള പത്താമത്തെ സംഘവും ജിദ്ദയിലേക്ക് പുറപ്പെട്ടു, ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നു

ന്യൂഡൽഹി: സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള രക്ഷാദൗത്യം ഓപ്പറേഷൻ കവേരി പുരോഗമിക്കുന്നു.
ഇന്ത്യക്കാരുമായുള്ള പത്താമത്തെ സംഘം പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. 135 പേരാണ് വ്യോമസേനയുടെ വിമാനത്തിലുള്ളത്.വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സുഡാനിൽ നിന്ന് 1839 പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. ഇന്നലെ രണ്ട് വിമാനങ്ങൾ പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയിരുന്നു. സംഘർഷ ഭൂമിയിൽ നിന്നും ജിദ്ദയിലെത്തിയ സംഘത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് സ്വീകരിച്ചത്. ഇന്ത്യക്കാർക്ക് എല്ലാ സൗകര്യങ്ങളും ജിദ്ദയിൽ കേന്ദ്ര സർക്കാരും ഇന്ത്യൻ എംബസിയും ഒരുക്കിയിരുന്നു.

ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ മൂന്ന് കപ്പലുകളും വ്യോമസേനയുടെ മൂന്ന് വിമാനങ്ങളുമാണ് രക്ഷാദൗത്യത്തിനായി സുഡാനിലെത്തിയത്. അതേസമയം സുഡാനിൽ നിന്നുള്ള ആദ്യ സംഘം ബുധനാഴ്ച രാത്രിയോടെ ദില്ലിയിൽ വിമാനത്താവളത്തിലെത്തി. 367 പേരുമായി സൗദി എയർലൈൻസ് വിമാനം ഒമ്പത് മണിയോടെയാണ് ദില്ലിയിൽ എത്തിയത്. സംഘത്തിൽ പത്തൊമ്പത് മലയാളികളുമുണ്ടായിരുന്നു. സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയ സംഘം വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തിൽ യാത്ര തുടരുകയായിരുന്നു.

സൗദി എയർലൈൻസ് SV3620 വിമാനത്തിലായിരുന്നു യാത്ര. നേവിയുടെ ഐഎന്‍എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വി മുരളീധരൻ നേതൃത്വം നൽകുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്.