പാകിസ്ഥാൻ കത്തുകയാണ്, പ്രധാനമന്ത്രിയുടെ വീടിന് നേരെ ബോംബേറ്, വാഹങ്ങൾ കത്തിച്ചു, ഖുറേഷി അറസ്റ്റിലായി

ഇസ്ലാമാബാദ് . മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് പാകിസ്താനിൽ രാജ്യവ്യാപക പ്രതിഷേധം. സമരക്കാര്‍ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫിന്റെ വീട് ആക്രമിച്ചു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്. ലാഹോറിലെ ഷഹ്ബാസിന്റെ വസതിക്ക് നേരെയാണ് ആക്രമണം. പ്രധാന തെരുവുകളില്‍ സൈന്യത്തെ വിന്യസിച്ചിട്ടും പ്രതിഷേധം നിയന്ത്രിക്കാനായിട്ടില്ല.

ഇമ്രാന്‍ ഖാന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) യിലെ പ്രമുഖരായ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും അറസ്റ്റ് ചെയ്തവരിൽ പ്പെടും. ആയിരക്കണക്കിന് പ്രവര്‍ത്തകരും അറസ്റ്റിലായി. ഏത് സമയവും രാജ്യത്ത് ആഭ്യന്തര യുദ്ധമുണ്ടായേക്കാമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ.സൈന്യം നിയന്ത്രണം ഏറ്റെടുക്കുമോ എന്നും സംശയിക്കുന്നുണ്ട്.

പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ വസതി 500 ഓളം പേരാണ് ആക്രമിക്കുന്നത്. ലാഹോറാലെ മോഡല്‍ ടൗണിലുള്ള വസതി പുലര്‍ച്ചെയായിരുന്നു ആക്രമിക്കപ്പെട്ടത്. വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ സമരക്കാര്‍ കത്തിച്ചു. വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു – പഞ്ചാബ് പോലീസ് അറിയിച്ചു. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ജനക്കൂട്ടം എത്തുമ്പോൾ വീട്ടിൽ ഗാര്‍ഡുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സമീപത്തെ പോലീസ് കാവല്‍പുരയ്ക്ക് തീവച്ചാണ് അക്രമികള്‍ എത്തുന്നത്. വിവരം അറിഞ്ഞ് കൂടുതല്‍ പോലീസുകാര്‍ എത്തിയതോടെ സമരക്കാര്‍ രക്ഷപ്പെട്ടു. മോഡല്‍ ടൗണിലെ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ പ്രധാന ഓഫീസ് അക്രമികള്‍ കത്തിച്ചു. ഇവിടെയുണ്ടായി രുന്ന വാഹനങ്ങളെല്ലാം തീയിട്ടു. 14 പോലീസ് കാര്യാലയങ്ങളും 21 പോലീസ് വാഹനങ്ങളും പഞ്ചാബില്‍ തകര്‍ക്കപ്പെട്ടു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ഇതെല്ലാം നടക്കുന്നത്. ലാഹോറിലെ സൈനിക കേന്ദ്രം ചൊവ്വാഴ്ച സമരക്കാര്‍ ആക്രമിച്ചിരുന്നു. ഇവിടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിച്ചു. പഞ്ചാബ് പ്രവിശ്യയിലെ പല നഗരങ്ങളിലും ജനക്കൂട്ടം അഴിഞ്ഞാടുന്നതായിട്ടാണ് റിപ്പോർട്ടുകൾ.

പിടിഐ പ്രവര്‍ത്തകരും പോസീസും പലയിടത്തും നേരിട്ട് ഏറ്റുമുട്ടുകയുണ്ടായി. ഇതുവരെ 8 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗികറിപ്പോർട്ടുകൾ. ഇതിനേക്കാള്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് മാധ്യമങ്ങള്‍ സൂചന നൽകുന്നു. 500ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്ലാമാബാദ്, പഞ്ചാബ്, ഖൈബര്‍ പക്തുന്‍ക്വ, ബലൂചിസ്താന്‍ പ്രവിശ്യകളിലെല്ലാം സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.

ഇതിനിടെയാണ് മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖൂറേഷിയെ അറസ്റ്റ് ചെയ്യുന്നത്. ഇമ്രാന്‍ ഖാന്റെ അടുത്ത വൃത്തങ്ങളില്‍ പെട്ട വ്യക്തിയാണ് ഖൂറേഷി. സിവില്‍ ഡ്രസിലെത്തിയവരാണ് അറസ്റ്റ് ചെയ്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ട്. നേരത്തെ ഇദ്ദേഹത്തെ കരുതല്‍ തടവിലാക്കിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്ലാമാബാദില്‍ നിന്നുള്ള പോലീസെത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പിടിഐ നേതാക്കള്‍ അറിയിക്കുന്നു.