പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം; മൂന്നു പേര്‍ കസ്റ്റഡിയില്‍

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. പാലക്കാട് സ്വദേശി സുബൈര്‍ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈര്‍. സുബൈറിന്റെ മുറിയില്‍ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. കേസില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

സഞ്ജിത്തിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തിന്റെ പേരിലെന്ന് എഫ്ഐആര്‍ പുറത്തുവന്നിരുന്നു. സഞ്ജിത്തിനെ കൊലപ്പെടുത്തിയത് കണ്ടാലറിയാവുന്ന അഞ്ച് പേരാണെന്നും മമ്പറം പുതുഗ്രാമത്ത് വച്ച് രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ കൊലപാതകം നടന്നുവെന്നും എഫ്ഐആറില്‍ പറയുന്നു. ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് കാറിലെത്തിയ അഞ്ചംഗസംഘം സഞ്ജിത്തിനെ ഇടിച്ചുവീഴ്ത്തി ആക്രമിച്ചത്.

തലയിലേറ്റ വെട്ടാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുപ്പതിലേറെ വെട്ടുകളാണ് സഞ്ജിത്തിന്റെ ശരീരത്തിലേറ്റത്. ഒരു കൊല്ലം മുമ്പ് സഞ്ജിത്തിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുമായിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് എസ്ഡിപിഐ നടത്തിയതെന്നാണ് ബിജെപി ആരോപണം.