പാരാഗ്ലൈഡിങ് അപകടം; മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം. പാരാഗ്ലൈഡിങ്ങ് നടത്തിയ രണ്ട് പേര്‍ വര്‍ക്കലയില്‍ ഹൈമാസ്റ്റ് തൂണില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍. ഉത്തരാഖണ്ഡ് സ്വദേശിയായ ട്രെയ്‌നര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ് പ്രഭുദേവ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അപകടകരമായ രീതിയില്‍ പറന്നതിനാണ് കേസ് എടുത്തിരിക്കുന്നത്. അപകടത്തില്‍ പെട്ട ട്രെയ്‌നര്‍ സന്ദീപും കോയമ്പത്തൂര്‍ സ്വദേശിനി പവിത്രയും ഒന്നര മണിക്കൂറിന് ശേഷമാണ് താഴെയിറങ്ങിയത്.

അപകടത്തില്‍പ്പെട്ടയാളെ ഉപയോഗിച്ച് വ്യാജരേഖ ചമയ്ക്കാനും പോലീസ് കസ്റ്റഡിയില്‍ എടുത്തവര്‍ ശ്രമിച്ചതായി പോലീസ് പറയുന്നു. ചികിത്സയ്ക്ക് ശേഷം ഇരുവരും ആശുപത്രി വിട്ടു. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. വര്‍ക്കല ഹെലിപ്പാഡില്‍ നിന്നും പറന്ന് പൊങ്ങിയ ഇരുവരും കാറ്റിന്റെ ദിശമാറിയതുമൂലം നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍ പെടുകയായിരുന്നു.