പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നതോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങും.

രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സാമ്പത്തിക സർവേയും ഇരുസഭകളിലും അവതരിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബജറ്റിന് മുന്നോടിയായി കാബിനറ്റ് മന്ത്രിമാരുടെയും സഹമന്ത്രിമാരുടെയും യോഗം കഴിഞ്ഞ ദിവസം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു യോഗം.

നാളെയാണ് ബജറ്റ് അവതരണം. ഏപ്രിൽ ആറ് മുതൽ രണ്ട് ഘട്ടമായി നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ 27 സിറ്റിങ്ങുകളുണ്ടാകും. 31 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്ന സമ്മേളനത്തിൽ നന്ദിപ്രമേയ ചർച്ച, ബജറ്റ് ചർച്ചകളുടെ തുടക്കം എന്നിവയുണ്ടാകും. മാർച്ച് 13-ന് ആരംഭിക്കുന്ന രണ്ടാം ഘട്ട സമ്മേളനത്തിൽ ഉപാധനാഭ്യർത്ഥനകളും ബജറ്റും ചർച്ച ചെയ്ത് അംഗീകരിക്കും.