പേര് പുറത്തു വിടുന്നതില്‍ ഇരകള്‍ക്ക് പ്രശ്‌നമില്ല; പിന്നെന്തിന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാതിരിക്കണം; പാര്‍വതി തിരുവോത്ത്‌

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ചുകൊണ്ട് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ അതൃപ്തി അറിയിച്ച് നടി പാര്‍വ്വതി തിരുവോത്ത്. ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി അന്വേഷണ കമ്മീഷന്‍ നിയപ്രകാരമുണ്ടായിട്ടുള്ള കമ്മിറ്റിയല്ലാത്തതിനാല്‍ സര്‍ക്കാരിന് പഠന റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് ഡബ്ല്യുസിസി അംഗങ്ങളുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം വനിതാ കമ്മീഷന്‍ വിശദീകരിച്ചത്.

ലൈംഗിക അതിക്രമത്തെ അതിജീവിച്ചവരുടെ പേര് പുറത്തുവിടുന്നതില്‍ പ്രശ്‌നമില്ലെന്ന് അറിയിച്ചിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്ത് എന്ന ചോദ്യമാണ് പാര്‍വ്വതി ഉന്നയിച്ചത്. പ്രശ്‌നം അനുഭവിച്ചവര്‍ റിസ്‌ക് എടുക്കാന്‍ തയ്യാറായിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ആരെ സംരക്ഷിക്കാനാണെന്നും പാര്‍വ്വതി ചോദിച്ചു. റിപ്പോര്‍ട്ട് പുറത്തുവരാതിരുന്നാല്‍ നടപടിയുണ്ടാകില്ലെന്ന ധാര്‍ഷ്ട്യത്തോടെയാണ് സ്ത്രീകള്‍ക്കെതിരായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും പാര്‍വ്വതി പറഞ്ഞു.

ആഭ്യന്തര പരാതി പരിഹാരത്തിനായി പ്രൊഡക്ഷന്‍ ഹൗസുകള്‍ കമ്മിറ്റികള്‍ രൂപീകരിക്കാത്തതിനേയും പാര്‍വ്വതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇത്തരം കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണമെന്നില്ല. സുപ്രിംകോടതി മുന്‍പ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനാവശ്യമായ നടപടിയുണ്ടാകുമെന്ന് ആത്മാര്‍ഥമായി ആഗ്രഹമുണ്ടായിരുന്നുവെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ പറഞ്ഞു. റിപ്പോര്‍ട്ടിനായി ഇനിയും കാത്തിരിക്കാനാകില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യം മുന്‍ സാംസ്‌കാരികവകുപ്പുമായി സംസാരിച്ചിരുന്നെന്നും പി സതീദേവി അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിച്ചശേഷം സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളാണ് ഡബ്ല്യുസിസി വനിതാ കമ്മീഷന് മുന്നില്‍ വെച്ചത്.

ഡബ്ല്യുസിസി അംഗങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ഉറപ്പുനല്‍കി. സിനിമാ മേഖലയിലേക്ക് പുതിയ പെണ്‍കുട്ടികള്‍ കടന്നുവരുമ്പോള്‍ അവര്‍ക്ക് നല്ല ആത്മവിശ്വാസത്തോടെ സര്‍ഗവാസനകള്‍ പ്രകടിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഉറപ്പുവരുത്താന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നും വനിതാ കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.