മകന്‍ വന്നതിന് ശേഷം അമ്മയുമായുള്ള ബന്ധം ദൃഢമായി, പാര്‍വതി കൃഷ്ണ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പാര്‍വതി കൃഷ്ണ. ഗര്‍ഭകാലത്തെ പാര്‍വതിയുടെ ഡാന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മകന്‍ ഉണ്ടായിതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പാര്‍വതി തന്റെ മനസ് തുറന്നത്. മകന്റെ വരവിന് ശേഷമുള്ള തന്റെ ആദ്യ മാതൃദിനം വളരെ സ്‌പെഷ്യല്‍ ആയിരുന്നു എന്നാണ് പാര്‍വതി പറയുന്നു.

‘എല്ലാ വര്‍ഷവും മോഡേഴ്‌സ് ഡേക്ക് ഓണ്‍ലൈനില്‍ എന്തേലും പോസ്റ്റ് എഴുതി ഇടും. എന്നാല്‍ ഇത്തവണ, ഇവന്റെ മുഖത്തു നോക്കുമ്പോള്‍ എനിക്ക് വലിയ അത്ഭുതമാണ്. ദൈവമേ ഇത്തവണ ഞാനും ഒരു അമ്മയാണല്ലോ, ഈ കുഞ്ഞു എന്നില്‍ നിന്നാണല്ലോ വന്നത്,’ഒരു അമ്മ എന്നതിന്റെ പൂര്‍ണമായ അര്‍ത്ഥം മനസിലാക്കണം എങ്കില്‍ നിങ്ങള്‍ ഒരു അമ്മയാകണം എന്ന് എല്ലാവരും പറഞ്ഞു കേട്ടിട്ടില്ലേ? അത് സത്യമാണ്. ഏതൊരു അമ്മയേയും മകളേയും പോലെ ഞങ്ങളും എപ്പോഴും ചെറിയ കാര്യങ്ങള്‍ക്ക് വഴക്കിടുമായിരുന്നു. എന്നാല്‍ ഇപ്പൊ, ഒരു വഴക്ക് തുടങ്ങും മുന്‍പ് മോനെ പ്രസവിക്കുമ്പോള്‍ എനിക്കുണ്ടായ വേദന ഞാന്‍ ആലോചിക്കും, അത് തന്നെയാകുമല്ലോ എന്റെ അമ്മയും അനുഭവിച്ചത്.’

‘ഇപ്പോള്‍ കുഞ്ഞിന്റെ കാര്യത്തില്‍ എത്ര കരുതലോടെയാണ് ഞാന്‍ കാര്യങ്ങള്‍ ചെയ്യുന്നത്, ഇങ്ങനെ തന്നെയാകുമല്ലോ എന്റെ അമ്മയും എന്നെ വളര്‍ത്തിയത്. ഇതൊക്കെ ആലോചിക്കുമ്പോള്‍ എനിക്ക് വെറുതെ വഴക്കിടാന്‍ തോന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ മോന്‍ ഉണ്ടായ ശേഷം എന്റെയും അമ്മയുടെയും ബന്ധം കൂടുതല്‍ ദൃഢമായി,’ പാര്‍വതി പറഞ്ഞു.

‘എന്റെ കുടുംബത്തിന് വേണ്ടി ഞാന്‍ എന്റെ ജീവിതം ബലി കൊടുത്തു എന്ന് ഒരുപാട് പേര്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. ഒരിക്കലും അങ്ങനെ ആലോചിക്കരുത്. നിങ്ങളും നിങ്ങളുടെ ജീവിതവും വളരെ ഇമ്പോര്‍ട്ടന്റ് ആണ്.. ഒരു കുഞ്ഞു എന്നത് ഒരിക്കലും നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് തടയിടുന്ന ഒരാള്‍ എന്നല്ല, നിങ്ങളുടെ സന്തോഷങ്ങള്‍ക്ക് കൂട്ടായി ഒരാള്‍ കൂടെ എന്ന് മാത്രമാണ്. നിങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കാന്‍ സമയമില്ല എന്നൊന്നും ഇല്ല വ്യക്തമായി പ്ലാന്‍ ചെയ്താല്‍ മാത്രം മതി. ആദ്യമൊക്കെ പ്രയാസമാകും അപ്പോള്‍ ആരുടെയെങ്കിലും സഹായം തേടുക. കുഞ്ഞു വളരുന്തോറും നിങ്ങളെ മനസിലാക്കുകയും നിങ്ങളുടെ ജീവിത ശൈലിക്കൊപ്പം പൊരുത്തപ്പെടുകയും ചെയ്യും,’ പാര്‍വതി പറഞ്ഞു.