86 കിലോയിൽ നിന്നും 57ലേക്ക്; ഗംഭീര മേക്കോവർ വീഡിയോയുമായി പാർവതി കൃഷ്ണ

അഭിനേത്രിയായും മോഡലായും അവതാരകയായുമായും ശ്രദ്ധേയമായ താരമാണ് പാർവതി ആർ കൃഷ്ണ. മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമാണ് പാർവതി. പത്തനംതിട്ട കോന്നി സ്വദേശിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമ്മ മാനസം ഈശ്വരൻ സാക്ഷി’ തുടങ്ങിയ പരമ്പരകളാണ് കുടുംബ പ്രേക്ഷകർക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.

പ്രസവ ശേഷം 30 കിലോയോളം ശരീര ഭാരം കുറച്ച വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് പാർവതി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വെയിറ്റ് ലോസ് യാത്രയെ കുറിച്ചുള്ള വിശേഷങ്ങൾ പാർവതി പങ്കിട്ടത്. കുഞ്ഞിന് ആറ് മാസം ആയതിനു ശേഷമാണ് ഡയറ്റിലേക്ക് കടന്നത്. ഒരു ഓൺലൈൻ ഫിറ്റ്നസ് ഗ്രൂപ്പാണ് ശരീര ഭാരം കുറക്കാൻ സഹായിച്ചത്. ആ ടീം അയച്ചു തന്ന ഡയറ്റും വർക്ക്‌ഔട്ടും അതുപോലെ പിന്തുടരുകയായിരുന്നു. എണ്ണയും പഞ്ചസാരയും കുറച്ചു. ചായയും കാപ്പിയും ആദ്യം ഒഴിവാക്കി പിന്നീട് ഒരു നേരം ചെറിയ അളവിൽ കുടിക്കാൻ തുടങ്ങി.

രാവിലെ ചെറു ചൂടുവെള്ളം കുടിക്കും. ഭക്ഷണമായി അപ്പമോ ചപ്പാത്തിയോ ദോശയോ കഴിക്കും. ചിക്കൻ, മുട്ട, പരിപ്പ് അങ്ങനെയാകും കറികൾ. ഉച്ചയ്ക്ക് ബ്രൗൺ റൈസോ ചപ്പാത്തിയോ കഴിക്കും. കുക്കുമ്പറും ചിലപ്പോൾ ഉൾപ്പെടുത്തും, തോരനോ മറ്റോ ഉണ്ടാകും ഒപ്പം മീൻ കറിയോ ചിക്കൻ കറിയോ ഉച്ചയ്ക്കുണ്ടാവും. വൈകുന്നേരം നാല് മണിക്ക് പഴങ്ങൾ എന്തെങ്കിലും കഴിക്കും. രാത്രി 7:30 ഒക്കെ ആകുമ്പോൾ ഡിന്നർ കഴിക്കും. റൊട്ടിയോ ചപ്പാത്തിയോ ആകും. എല്ലാ ദിവസവും രാവിലെ ചെറിയ രീതിയിലുള്ള വർക്ക്‌ഔട്ടുകളും ചെയ്തിരുന്നു,” പാർവതി പറയുന്നു.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ‘സൂര്യനും സൂര്യകാന്തി’യും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് മ്യൂസിക് ആൽബങ്ങളിലൂടെ ശ്രദ്ധ നേടി. ‘ഏയ്ഞ്ചൽസ്’ എന്ന ചിത്രത്തിലും പാർവതി അഭിനയിച്ചിരുന്നു. ‘അമ്മമാനസം’, ‘ഈശ്വരൻ സാക്ഷി’ തുടങ്ങിയ സീരിയലുകളാണ് പാർവതിയെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറ്റിയത്. ‘രാത്രിമഴ’ എന്ന സീരിയലിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ പാർവതി അവതരിപ്പിച്ചിരുന്നു. ഫഹദ് ഫാസിൽ ചിത്രം ‘മാലിക്കി’ലെ പാർവതിയുടെ വേഷവും ശ്രദ്ധ നേടിയിരുന്നു.

മുഹസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബേസിൽ ചിത്രം ‘കഠിന കഠോരമീ അണ്ഡകടാഹം’ ആണ് പാർവതിയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പാർവതിയ്ക്ക് ഒപ്പം മകൻ അച്ചുവും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘കിടിലം’ എന്ന ഷോയുടെ അവതാരക കൂടിയാണ് പാർവതി.