എന്‍ഡിഎ വിട്ട് പിസി തോമസ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വഴി യുഡിഎഫില്‍

പി സി തോമസിന്റെ കേരള കോണ്‍ഗ്രസും പി ജെ ജോസഫ് വിഭാഗവും തമ്മിലുള്ള ലയന പ്രഖ്യാപനം ഇന്ന് നടക്കും. ചിഹ്നം പ്രതിസന്ധിക്ക് പരിഹാരം നേടിയാണ് ജോസഫിന്റെ ലയനം. നിലവില്‍ പിസി തോമസിന്റെ കേരള കോണ്‍ഗ്രസിന്റെ ചിഹ്നം കസേരയാണ്. ലയന ശേഷം ചിഹ്നം സൈക്കിളിലേക്ക് മാറും. എന്‍ഡിഎ വിട്ട പി.സി. തോമസ് ഇന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വഷനില്‍ പങ്കെടുക്കും.

ഇരുവിഭാഗം നേതാക്കളും ഇതിനകം വിവിധ ഘട്ടങ്ങളില്‍ രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. ലയനം നടക്കുകയാണെങ്കില്‍ പി ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനും പി സി തോമസ് വൈസ് ചെയര്‍മാനുമാവുമെന്നാണ് റിപോര്‍ട്ട്. മറ്റുള്ളവരുടെ പദവികള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

നേരത്തേ കെ എം മാണിയുടെ നിര്യാണത്തോടെ കേരള കോണ്‍ഗ്രസ്(എം) പിളരുകയും ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ ജോസഫ് സുപ്രിംകോടതി വരെ നിയമപോരാട്ടം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. വര്‍ഷങ്ങളായി എന്‍ഡിഎയിലുള്ള പി സി തോമസ് വിഭാഗത്തിനു ഇക്കുറി സീറ്റു ലഭിക്കാത്തതാണ് മുന്നണി വിടാന്‍ കാരണം. എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണു പി സി തോമസ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി സി തോമസ് മല്‍സരിച്ചെങ്കിലും ബിജെപി കാര്യമായി പിന്തുണച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.