തുടർ ചികിത്സ; മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

മുഖ്യമന്ത്രി പിണറായി വിജയൻ തുടർചികിത്സകൾക്കായി ഇന്ന് രാവിലെ അമേരിക്കയിലേക്ക് പുറപ്പെട്ടു. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലെത്തുന്നത്. ഇത് മൂന്നാംതവണയാണ് അദ്ദേഹത്തിന്റെ യാത്ര. 18 ദിവസത്തേക്കാണ് ചികിത്സ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

മെയ് പത്തോടെ മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് അറിയുന്നത്.

മയോക്ലിനിക്കില്‍ ജനുവരി മാസത്തില്‍ നടത്തിയ ചികിത്സയുടെ തുടര്‍ച്ചയ്ക്കായാണ് പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലെത്തുന്നത്. ജനുവരി 11 മുതല്‍ 27 വരെയായിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയത്. മുഖ്യമന്ത്രിയുടെ ചുമതല മറ്റാര്‍ക്കും കൈമാറാതെയാണ് പിണറായി അമേരിക്കയില്‍ ഇതുവരെ ചികിത്സ തേടിയിട്ടുള്ളത്.

നേരത്തെ 2018 ലും അദ്ദേഹം ചികിത്സക്ക് വേണ്ടി അമേരിക്കയില്‍ പോയിരുന്നു. അന്നും മന്ത്രിസഭയിലെ മറ്റാര്‍ക്കും ചുമതല കൈമാറാതെ ഇ -ഫയലിംഗ് വഴിയാണ് ഭരണകാര്യങ്ങൾ നിർവഹിച്ചിരുന്നത്.