അപകടത്തില്‍പ്പെട്ടത് 3 ട്രെയിനുകള്‍, തകര്‍ന്ന കോച്ചുകള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു, മരണം 233 കടന്നു

ഭുവനേശ്വര്‍ : രാജ്യത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 233 കടന്നു. പാളം തെറ്റിയ കോച്ചുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. നിരവധി പേർ തകർന്ന കോച്ചുകൾക്കിടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. അപകടത്തില്‍ രണ്ട് യാത്രാതീവണ്ടികളടക്കം മൂന്ന് തീവണ്ടികള്‍ ഉള്‍പ്പെട്ടതായി ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമാണ്ടല്‍ എക്‌സ്പ്രസും (12841) , യശ്വന്ത്പുര്‍- ഹൗറ (12864) എക്‌സ്പ്രസും ഒരു ഗുഡ്‌സ് ട്രെയിനുമാണ്‌ അപകടത്തില്‍പ്പെട്ടത്‌.

സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിനപകടമാണ് വെള്ളിയാഴ്ച ഒഡിഷയിൽ സംഭവിച്ചത്.
പശ്ചിമ ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് ശേഷം 3.30നാണ് ട്രെയിൻ പുറപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് 4.50നാണ് ട്രെയിന് ചെന്നൈയിൽ എത്തേണ്ടിയിരുന്നത്. എന്നാൽ വൈകീട്ട് 6.30ഓടെ അപകടമുണ്ടാവുകയായിരുന്നു. ഒഡീഷ ഫയർ സർവീസ് മേധാവി സുധാംശു സാരംഗിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ദേശീയ ദുരന്തനിവാരണസേനയുടെ 22 അംഗ സംഘം സ്ഥലത്തുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ​ഗതാ​ഗത മന്ത്രി എസ്.എസ് ശിവശങ്കറും ഇന്ന് ഒഡിഷയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ദുരന്തത്തെ തുടർന്ന് ​ഗോവ-മുംബൈ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം റദ്ദാക്കിയിട്ടുണ്ട്.