കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കി, പൊറുതി മുട്ടി ജനം നിയമം കൈയ്യിലെടുക്കുന്നു

കോട്ടയം. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കേരളത്തിൽ ജനങ്ങൾ പൊരുതി മുട്ടുന്നതിനിടെ കോട്ടയത്ത് ജനരോക്ഷം. കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കി. കോട്ടയം പെരുന്നയിലാണ് സംഭവം നടന്നിരിക്കുന്നത്. പെരുന്ന സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് തെരുവുനായയെ കൊന്ന് കെട്ടിതൂക്കിയത്. മൃതദേഹത്തിനു താഴെ വാഴ ഇലയും പൂക്കളും വച്ചിട്ടുണ്ട്. ആരാണെന്ന് കൊന്നതെന്ന് വ്യക്തമായിട്ടില്ല.

കഴിഞ്ഞ ദിവസം കോട്ടയം മുളക്കുളത്ത് നായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരായ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മൃഗസ്‌നേഹികളുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരെത്തി ചത്ത നായകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തിങ്കളാഴ്ച രാവിലെയാണ് 12 നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തുന്നത്.

അതേസമയം, പാലക്കാട് ജില്ലയിൽ തെരുവ് നായയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. ജില്ലയിൽ 24 മണിക്കൂറിനിടെ 28 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വിദ്യാർത്ഥികളേയും അധ്യാപകരേയും അടക്കമാണ് തെരുവ് നായ ആക്രമിച്ചിരിക്കുന്നത്. കടിയേറ്റ 28 പേർ ജില്ലാ ആശുപത്രിയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

രാവിലെ ആറര മുതൽ ഉച്ചയ്‌ക്ക് പന്ത്രണ്ടര വരെ 26 പേർ നായയുടെ കടിയേറ്റു ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എത്തി. മേപ്പറമ്പ് നെല്ലിക്കാടിൽ തെരുവ് നായ ആക്രമണത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ പോയ ആളെ നായ കടിച്ചു. മേപ്പറമ്പ് സ്വദേശി നെതറിനാണ് കടിയേറ്റത്. തോട്ടര സ്‌കൂളിൽ വച്ച് അദ്ധ്യാപകന് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായി. സ്‌കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വെച്ചായിരുന്നു നായയുടെ ആക്രമണം. നെന്മാറയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്കും തെരുവനായയുടെ കടിയേറ്റിട്ടുണ്ട്. അട്ടപ്പാടിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരനെയും തെരുവ് നായ കടിച്ചിരുന്നു. ഈ നായക്ക് പിന്നീട് പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്.