എഐ ക്യാമറ നിലച്ചെന്ന ധാരണയിൽ ജനം, നിയമലംഘനങ്ങൾ കൂടി

കണ്ണൂർ : സംസ്ഥാനത്ത് കൊട്ടിയാഘോഷിച്ചു കൊണ്ടുവന്ന എഐ ക്യാമറ ആദ്യമൊക്കെ വൻ വിജയമായിരുന്നു. എന്നാൽ ഇന്ന് അതിന്റെ സ്ഥിതി എന്താണ് ? ക്യാമറയിൽ കുടുങ്ങിയാൽ തപാൽ മാർഗം ചലാൻ നോട്ടിസ് അയയ്ക്കുന്നത് ജില്ലയിൽ പൂർണമായും നിലച്ച സ്ഥിതിയാണ്. ക്യാമറ കണ്ടെത്തുന്ന നിയമലംഘനം വാഹനമുടമയ്ക്ക് ഫോണിൽ ലഭിക്കണമെങ്കിൽ ഫോൺ നമ്പറും വാഹന നമ്പറും ബന്ധിപ്പിക്കേണ്ടതുണ്ട്.

ഇത് എല്ലാവരും ചെയ്തിട്ടില്ലാത്തതിനാലാണ് തപാൽ മാർഗം നോട്ടീസ് അയയ്ക്കുന്നത്. എന്നാൽ തപാൽ വകുപ്പിന് പണം കുടിശികയായതോടെ കഴിഞ്ഞ ആറുമാസത്തിലധികമായി ജില്ലയിൽ പിഴയൊടുക്കേണ്ടത് സംബന്ധിച്ച നോട്ടിസ് വിതരണം ചെയ്തിട്ടില്ല. ഇതോടെ എ.ഐ കാമറ പ്രർത്തിക്കുന്നില്ലെന്ന ധാരണയിലാണ് പലരും നിയമലംഘനം നടത്തുന്നത്.

എ.ഐ ക്യാമറ സ്ഥാപിച്ച സമയത്തുണ്ടായ സുരക്ഷാകരുതലും പലരും മറന്നു. കെ.എസ്.ഇ.ബിക്കും കരാർ കമ്പനി പണം നൽകാനുണ്ട്. കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചാൽ റോഡ് ക്യാമറകൾ പൂർണമായും പ്രവർത്തനം നിലയ്ക്കും. മട്ടന്നൂരിലെ എൻഫോഴ്സ്‌മെന്റ് ആർ.ടി ഓഫീസിലാണ് കൺട്രോൾ റൂം. നിയമലംഘനം കണ്ടെത്തുന്ന ക്യാമറയിൽ നിന്നും തിരുവനന്തപുരത്തുള്ള സെൻട്രൽ കൺട്രോൾ റൂമിലാണു ആദ്യം വിവരം ലഭിക്കുക.

ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 1,07,239 നിയമലംഘനങ്ങളാണ് ക്യാമറകൾ കണ്ടെത്തി രജിസ്റ്റർ ചെയ്തത്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമാണ് എ ഐ ക്യാമറകൾ സ്ഥാപിച്ചത്. ജില്ലയിൽ 50 ക്യാമറകളായിരുന്നു സ്ഥാപിച്ചത്. ഇതിൽ രണ്ടെണ്ണം പ്രവർത്തിക്കുന്നില്ല.