ലീഗൽ മെട്രോളജി ചട്ടം ലംഘിച്ചു, ജോൺസൺ & ജോൺസൻ ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കൊച്ചി: ഉത്പന്നങ്ങളുടെ വിവരങ്ങൾ വായിക്കാൻ കഴിയാത്ത ലേബലുമായി വിപണിയിലിറക്കി. ജോൺസൺ & ജോൺസൺ ലീഗൽ മെട്രോളജി ചട്ടം ലംഘിച്ചു. ഇടപ്പള്ളി സ്വദേശിയായ പരാതിക്കാരന് കമ്പനി നഷ്ടപരിഹാരമായി 60,000 രൂപ നല്കണമെന്ന് കോടതി. എറണാകുളം ഇടപ്പള്ളി സ്വദേശി വേണുഗോപാലപിള്ള ജോൺസൺ & ജോൺസൺ, റിലൈയൻസ് റീട്ടെയിൽ ലിമിറ്റഡ്, അസിസ്റ്റൻറ് കൺട്രോളർ ലീഗൽ മെട്രോളജി, എറണാകുളം എന്നിവർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

100ml അളവുള്ള ജോൺസൺ & ജോൺസൺ ബേബി ലോഷൻ വാങ്ങുകയും ആ ബോട്ടിലിൽ യുസേജ്, ഇന്ഗ്രെഡി‌യന്റ്സ് എന്നിവ രേഖപ്പെടുത്തിരിക്കുന്നത് 2011ലെ ലീഗൽ മെട്രോളജി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അവ്യക്തവും ഭൂതക്കണ്ണാടി ഉപയോഗിച്ചു മാത്രമേ വായിക്കാൻ കഴിയൂ എന്നും പരാതിയിൽ പറയുന്നു.

2011 ലെ ലീഗൽ മെട്രോളജി ചട്ടം ലംഘിച്ചതിനാൽ ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഇതിൽ 25,000 രൂപ ലീഗൽ എയ്ഡ് ഫണ്ടിലേക്കാണ് അടയ്ക്കേണ്ടത്.തെറ്റായ റിപ്പോർട്ട് നൽകിയ ലീഗൽ മെട്രോളജിയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് 15 ദിവസത്തിൽ കുറയാത്ത പരിശീലനം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

സംഭവത്തിൽ ലീഗൽ മെട്രോളജി വകുപ്പിന് ഉൾപ്പെടെ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം, 2011 ലെ ലീഗൽ മെട്രോളജി (പാക്കേജ്ഡ് &കമോഡിറ്റിസ്) ചട്ട പ്രകാരമുള്ള വലിപ്പം ലേബലിലെ അക്ഷരങ്ങൾക്കുണ്ടെന്ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ രണ്ട് പ്രാവശ്യം രേഖാമൂലം സാക്ഷ്യപ്പെടുത്തി.

പരാതിക്കാരന്റെ ആവശ്യപ്രകാരം രണ്ട് കുപ്പികളുടെ ലേബൽ പരിശോധനയ്ക്കായി കോടതി വിദഗ്ധനെ നിയോഗിക്കുകയും, ടി വിദഗ്ദ്ധ റിപ്പോർട്ട് പ്രകാരം ലേബലുകളിൽ അച്ചടിച്ച അക്ഷരങ്ങൾ ചട്ട വിരുദ്ധമാണെന്നും വായിക്കാൻ കഴിയുന്നതല്ലെന്നും ബോധ്യമായി. കൂടാതെ, ഉപഭോക്താവിന് പരാതി നൽകാൻ ഉള്ള വിലാസം, ടെലിഫോൺ നമ്പർ , ഇ മെയിൽ ഐ.ഡി എന്നിവ ഉൾപ്പെടുന്ന “കൺസ്യൂമർ കെയർ ” വിശദാംശങ്ങൾ എന്നിവ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ലീഗൽ മെട്രോളജിയിലെ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന് വിരുദ്ധമായിരുന്നു കോടതി നിയോഗിച്ച വിദഗ്ദ്ധ റിപ്പോർട്ട്‌.

ലേബലിൽ ഉള്ള അക്ഷരങ്ങളുടെ ഉയരവും വീതിയും പരിഗണിക്കാതെ അവ്യക്തമായും വ്യക്തമായും അച്ചടിക്കാൻ കഴിയുമെന്ന് കമ്മീഷൻ വിലയിരുത്തി.ലേബലിലെ അറിയിപ്പുകൾ ചട്ടപ്രകാരവും വ്യക്തവും പ്രാമുഖ്യത്തോടെയും നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ പ്രതിഫലിക്കുന്നതുമാകണം. ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായി നിർമ്മിച്ച ലീഗൽ മെട്രോളജി നിയമം ഫലപ്രദമായി നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർ നൽകിയ ഈ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും ഉപഭോക്തൃ സംരക്ഷണ നിയമത്തെ തന്നെ തുരങ്കം വയ്ക്കുന്നതും ആണെന്ന് കോടതി വ്യക്തമാക്കി