പെരിയ ഇരട്ടക്കൊലക്കേസിൽ 24 പേരെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു; സിപിഎം നേതാവ് പീതാംബരൻ ഒന്നാം പ്രതി

പെരിയ കേസിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിപീതാംബരനെ ഒന്നാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും പ്രതിപ്പട്ടികയിലുണ്ട്. ഇയാൾ 20 ആം പ്രതിയാണ്. 24 പ്രതികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം സിബിഐ കോടതിയിൽ സമർപ്പിച്ചു.

കേസിൽ ഡിസംബർ നാലിന് മുൻപ് കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസന്വേഷണം പൂർത്തിയാക്കിക്കൊണ്ട് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം, ഗൂഢാലോചന, ആയുധം ഉപയോഗിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

ഒരു വർഷത്തിന് മുൻപാണ് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തത്. കേസിൽ നേരത്തെ ക്രൈം ബ്രാഞ്ച് 14 പേരെ പ്രതിചേർത്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം സിബിഐ അഞ്ച് സിപിഎം പ്രവർക്കത്തകരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. മുൻ എംഎൽഎയെയും മറ്റ് നേതാക്കളെയും കേസിൽ പ്രതി ചേർത്തിരുന്നു. എന്നാൽ അവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.