പെട്രോൾ പമ്പ് ജീവനക്കാർക്ക് മദ്യപസംഘത്തിന്റെ ക്രൂരമർദ്ദനം, രണ്ട് ജീവനക്കാർക്ക് ​ഗുരുതരമായി പരിക്കേറ്റു; ആറുപേർ അറസ്റ്റിൽ

പെട്രോൾ പമ്പ് ജീവനക്കാർക്ക് മദ്യപസംഘത്തിന്റെ ക്രൂരമർദ്ദനം. ഗുരുതരമായി പരിക്കേറ്റ ഒഡീഷാ സ്വദേശി നിവേദ് നായിക്, റാന്നി സ്വദേശി വിവേക് എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ ആലുവ സ്വദേശികളായ മുഹമ്മദ് സുഹൈൽ, ബിൻഷാദ്, വിഷ്ണു, വിശ്വജിത്ത് ചന്ദ്രൻ, വരാപ്പുഴ സ്വദേശി റിഫാസ്, മലപ്പുറം സ്വദേശി മുഹമ്മദ് അസ്ലം എന്നിവരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ അഞ്ചുപേർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

എറണാകുളം കളമശ്ശേരിക്ക് സമീപം കൂനംതൈയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലെ ജീവനക്കാർക്ക് നേരെയാണ് അക്രമം ഉണ്ടായത്. വാഹനത്തിൽ സിഎൻജി നിറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കഴിഞ്ഞദിവസം രാത്രി 12 മണിക്കായിരുന്നു സംഭവം.

സിഎൻജി നിറയ്‌ക്കാൻ എത്തിയപ്പോൾ വാഹനത്തിൽ നിന്ന് ഇറങ്ങി നിൽക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് ജീവനക്കാരും പ്രതികളും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് പ്രതികൾ ഇന്നലെ രാത്രി മദ്യപിച്ച് എത്തി മർദ്ദിച്ചത്.