PFI അംഗങ്ങൾക്ക് കർണാടകയിലെ മിത്തൂരിലും സത്യമംഗലത്തും ആയുധപരിശീലനം നൽകി

ബംഗളൂരു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് കർണാടകയിലെ മിത്തൂരിൽ ആയുധപരിശീലനം നൽകിയിരുന്ന തായി റിപ്പോർട്ട്. പിസ്റ്റളുകളും തോക്കുകളും ഉൾപ്പെടെയുള്ള ആയുധങ്ങളുടെ പരിശീലനം നൽകിയിരുന്നു എന്നാണ് കണ്ടെത്തൽ. മിത്തൂരിലെ ഫ്രീഡം കമ്മ്യൂണിറ്റി ഹാളിൽ വെച്ചായിരുന്നു ഭീകരർക്ക് പരിശീലനം നൽകിയത്.

ബന്ത്‌വാല താലൂക്കിലെ മിത്തൂരിൽ തോക്കുകളുടെയും പിസ്റ്റളുകളുടെയും ഉപയോഗം സംബന്ധിച്ചുളള ക്ലാസുകളും പരിശീലനവുമാണ് നടന്നത്. പിസ്റ്റളുകളുടെയും തോക്കുകളുടെയും ചിത്രങ്ങൾ കാണിച്ചും വീഡിയോകളുടെ സഹായത്തോടെ യുമായിരുന്നു ക്ലാസുകൾ. ഇത്തരം ആയുധങ്ങൾ ഉപയോഗിക്കാൻ വിദഗ്ധ പരിശീലനം നേടിയ കേരളത്തിൽ നിന്നുളളവരാണ് ക്ലാസുകൾ എടുത്തിരുന്നത്. കന്നഡ മാദ്ധ്യമങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മിത്തൂരിന് പുറമെ സത്യമംഗലം വനത്തിൽ വെച്ചും ഭീകരർക്ക് പരിശീലനം നൽകിയിരുന്നു. ഇതിന്റെ മൊബൈൽ ചിത്രങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കർണാടകയിൽ അറസ്റ്റിലായ പിഎഫ്‌ഐ ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചിരിക്കുന്നത്.

പിടിയിലായവരെ ചോദ്യം ചെയ്യാൻ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ നിന്നുളള ഇൻസ്‌പെക്ടർമാരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ഇതിനിടെ അറസ്റ്റിലായ 15 പിഎഫ്‌ഐ നേതാക്കളുടെ വിചാരണ എൻഐഎയുടെ പ്രത്യേക കോടതിയിലേക്ക് മാറ്റി കൊണ്ട് ബംഗളൂരു അഡീഷണൽ ചീഫ് മെട്രോപൊളീറ്റൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി. യുഎപിഎ പ്രകാരം ആണ് ഭീകരർക്കെതിരെ കേസെടുക്കുക.