കോവിഡ് കാലത്തെ കിറ്റ്‌ ബിജെപിയുടേതല്ല, അവകാശ വാദവുമായി പിണറായി വിജയന്‍

കണ്ണൂര്‍: കോവിഡ് കാലത്ത് എല്ലാവര്‍ക്കും ആശ്വാസമായിരുന്നു കേരളത്തില്‍ വിതരണം ചെയ്ത സൗജന്യ കിറ്റ്. എന്നാല്‍ ഈ കിറ്റിന്റെ പേരില്‍ വിവാദം കൊഴുക്കുകയാണ്. സംഭവത്തില്‍ വിശദീകരണവുമായി പിണറായി വിജയന്‍ രംഗത്തെത്തിയിരിക്കുകയാണ്.കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വിതരണംചെയ്ത പലവ്യഞ്ജന കിറ്റ് കേന്ദ്രത്തിന്റെ പദ്ധതിയാണെന്ന പ്രചാരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് കേന്ദ്രത്തിന്റേതാണെങ്കില്‍ എന്തുകൊണ്ട് അത് മറ്റ് സംസ്ഥാനങ്ങളില്‍ വിതരണംചെയ്തില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

ഇത് സംസ്ഥാനസര്‍ക്കാരിന്റെ കിറ്റ് ആണെന്ന് ഞങ്ങളാരും കൊട്ടിഘോഷിക്കാന്‍ പോയിട്ടില്ല. അതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അനാവശ്യപ്രചാരണവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി പലവ്യഞ്ജനകിറ്റ് വിതരണം ചെയ്തിട്ടുണ്ട്. അത് വലിയ കാര്യമല്ലെങ്കിലും കിറ്റ് മുടങ്ങാതെ വിതരണം ചെയ്യാന്‍ സാധിച്ചു. ഒരു വിവേചനവുമില്ലാതെയാണ് കിറ്റ് വിതരണം ചെയ്തത്.

എന്നാല്‍ വിതരണം ചെയ്ത കിറ്റ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെന്നും പിന്നീട് അത് സംസ്ഥാനത്തിന്റേതാണെന്ന് അവകാശപ്പെടുകയാണെന്നുമാണ് പ്രചാരണം. പദ്ധതി സംസ്ഥാനത്തിന്റേതാണെന്നതാണ് വസ്തുത. കിറ്റ് കേന്ദ്രസര്‍ക്കാരിന്റേതാണെന്ന് പറയുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇത് കൊടുക്കണ്ടേ? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രാജ്യത്തില്ലേ, അല്ലാത്ത സംസ്ഥാനങ്ങളുമില്ലേ? എന്തുകൊണ്ടാണ് അവിടെയൊന്നും കിറ്റ് വിതരണം ചെയ്യാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു.