ഉണക്ക മുന്തിരിയിട്ട വെള്ളവും റോബസ്റ്റ പഴവും, വ്യായാമവും അഞ്ച് കിലോ കുറച്ച്‌ ലക്ഷ്മി നക്ഷത്ര

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ ഷോയിലൂടെ പ്രശ്തയായ ലക്ഷ്മിക്ക് പ്രോഗ്രാമോളം തന്നെ ആരാധകരുമുണ്ട്. സോഷ്യൽ മീഡിയകളിലും ലക്ഷ്മി നക്ഷത്ര സജീവമാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി പലപ്പോഴും താരം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണംനടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. വേറിട്ട ലുക്കിലുള്ള വിവിധ കോസ്റ്റ്യൂമുകളിട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടും ലക്ഷ്മി നക്ഷത്ര അടുത്തിടെ നടത്തുന്നുണ്ട്. ഇതിൻ്റെയൊക്കെ ചിത്രങ്ങൾ ലക്ഷ്മി പങ്കുവെക്കാറുമുണ്ട്.തന്റെ യൂട്യൂബ് ചാനലിലൂടെ താന്‍ അഞ്ച് കിലോ കുറച്ചതിനെ കുറിച്ച്‌ പറയുകയാണ് ലക്ഷ്മി. 67.8 കിലോയില്‍ നിന്നാണ് ലക്ഷ്മി തന്റെ ശരീരഭാരം കുറയ്ക്കാന്‍ ആരംഭിച്ചത്. കൃത്യമായ ഡയറ്റിനോടൊപ്പം ഫിറ്റ്‌നസ് ട്രെയ്‌നര്‍ നിര്‍ദേശിച്ചിരിക്കുന്ന വ്യായാമവും പിന്‍തുടര്‍ന്നിരുന്നു.

തലേ ദിവസം ഉണക്കമുന്തിരി വെള്ളത്തിലിട്ടു കുതിര്‍ത്തത് വെറും വയറ്റില്‍ കുടിയ്ക്കും. പതിനഞ്ചു മിനിറ്റിനു ശേഷം ഒരു റോബസ്റ്റ പഴം കഴിക്കും. ശേഷം വ്യായാമം. പ്രാതല്‍ ദോശയോ ഇഡ്ഡലിയോ തുടങ്ങി വീട്ടിലുള്ള ഭക്ഷണം. ആദ്യ ദിവസം 2 ദോശയും ചട്‌നി പൊടിയുമാണ്. വെളിച്ചെണ്ണയ്ക്കു പകരം ഒലിവ് ഓയില്‍ ആണ് ചട്‌നി പൊടിയില്‍ ഉപയോഗിച്ചത്. ഇതിനൊപ്പം പുഴുങ്ങിയ മുട്ടയുടെ വെള്ളയും ചെറുപയര്‍ മുളപ്പിച്ചതും കഴിച്ചു. വര്‍ക്‌ഔട്ട് കഴിഞ്ഞ് 15 മിനിറ്റ് കഴിഞ്ഞേ പ്രാതല്‍ കഴിക്കാന്‍ പാടുള്ളൂ. ശേഷം 11.30 ബ്രഞ്ച് ടൈമില്‍ കൈപ്പിടിയിലൊതുങ്ങുന്ന അത്രയും അണ്ടിപ്പരിപ്പ്.

ഉച്ചഭക്ഷണമായി ചപ്പാത്തി, തൈര്, ചിക്കനോ മുട്ടയോ, മീനോ കഴിക്കാം. കൂടെ കാരറ്റ്, കുക്കുമ്പര്‍, ചെറുപയര്‍ മുളപ്പിച്ചത് ചേര്‍ന്ന സാലഡ്. വൈകിട്ട് വീണ്ടും ട്രെയ്‌നര്‍ നല്‍കിയിരിക്കുന്ന ഫാറ്റ് ടു ഫിറ്റ് വര്‍ക്‌ഔട്ട്. വര്‍ക്‌ഔട്ടിനു ശേഷം സീസണല്‍ ഫ്രൂട്ട് ഒരെണ്ണം കഴിക്കാം. ഇതിനിടയിലൊക്കെ നന്നായി വെള്ളം കുടിക്കണം. രാത്രി 8നു മുന്‍പ് ഡിന്നര്‍ കഴിക്കും. ചോറ് ഒഴിവാക്കാന്‍ സാധിക്കാത്തതിനാല്‍ കാര്‍ബോഹൈഡ്രേറ്റ് കുറവുള്ള ബസ്മതി റൈസ് കൊണ്ടുള്ള ചോറാണ് കഴിക്കുന്നത്. എങ്കിലും അളവു കുറച്ചേ കഴിക്കാറുള്ളൂ.

ചോറിനൊപ്പം മീന്‍കറിയും സാലഡും. ശേഷം രാത്രി 8.30 ഓടെ ഒരു ഗ്ലാസ് പാലില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി, കാഷ്യു പൗഡര്‍, ചെറിയ കഷ്ണം ചുക്ക് എന്നിവ ചേര്‍ത്ത ഹെല്‍ത്തി മില്‍ക്. 11 മണിക്ക് ഉള്ളില്‍ ഉറങ്ങുകയും ചെയ്യും. ഡയറ്റ് തുടങ്ങി 15 ദിവസം ആയതോടെ ഭാരം അഞ്ച് കിലോ കുറഞ്ഞ് 63 കിലോയിലെത്തിയെന്നും ലക്ഷ്മി പറയുന്നു.