മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് 19 രോഗബാധയില്‍ നിന്നും മുക്തനായി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. രോഗമുക്തി നേടിയ സാഹചര്യത്തില്‍ അദ്ദേഹത്തെ ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസാചര്‍ജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായത്. അ‌ദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ അദ്ദേഹം രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രി വിടുന്നെങ്കിലും കുറച്ചു ദിവസങ്ങള്‍ കൂടി അ‌ദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും മരുമകന്‍ മുഹമ്മദ് റിയാസിനും കഴിഞ്ഞ ദിവസം കോവിഡ് നെഗറ്റീവായിരുന്നു. എന്നാല്‍ റിയാസിന്റെ പിതാവിന് കോവിഡ് പോസിറ്റീവായി ഐസിയുവില്‍ തുടരുന്നതിനാല്‍ ഇരുവരും ഇന്ന് ആശുപത്രി വിടില്ല. അതേസമയം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും കോവിഡ് പോസിറ്റീവായി. രോഗലക്ഷണമില്ലാത്തതിനാല്‍ ഇവര്‍ വീട്ടില്‍ നീരീക്ഷണത്തില്‍ തുടരും.