പിണറായി വിജയൻറെ കസേര രക്ഷിച്ചത് ഉപ ലോകായുക്ത ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദ്

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും എതിരായ ദുരിതാശ്വാസനിധി ദുർവിനിയോഗ കേസിൽ പിണറായി വിജയൻറെ കസേര കാത്തത് ഉപ ലോകായുക്ത ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ലോകായുക്തയുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായതായി പരാതിക്കാരൻ തന്നെ ആരോപിച്ചിരിക്കുന്ന കേസിൽ ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദിന്റെതായി ഇതിനകം പുറത്ത് വന്നിട്ടുള്ള നിരീക്ഷണങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.

ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും തമ്മിൽ കേസിന്റെ കാര്യത്തിൽ ഭിന്നത ഉണ്ടായിരുന്നു. അന്തിമ വാദത്തിനുശേഷം വിധി പറയാൻ ഒരു വർഷത്തോളം കാലതാമസം വന്നു എന്നത്, സുപ്രീം കോടതിയുടെ നിരീക്ഷണത്തിനു പോലും എതിരായിരുന്നു. ഹർജി ലോകായുക്തയുടെ പരിധിയിൽ വരുമോ എന്നതിനേക്കുറിച്ചു പോലും ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും തമ്മിൽ ഭിന്നതയുണ്ടായി.

‘ലോകായുക്ത ഭേദഗതി ഓർഡിനൻസ് വരുന്നതിനാൽ ഈ കേസിൽ തിടുക്കത്തിന്റെ ആവശ്യമുണ്ടോ?’എന്ന് പോലും ഉപലോകായുക്ത ഹാറുണ്‍ അൽ റഷീദ് വാദത്തിനിടെ ചോദിച്ചിരുന്നു. ഓർഡിനൻസ് ഭേദഗതി വരുന്നത് കേസുകൾ കൈകാര്യം ചെയ്യുന്ന രീതിക്കു ബാധകമല്ലെന്നായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ് അപ്പോൾ നിരീക്ഷണം നടത്തുന്നത്. ഉപലോകായുക്ത ഹാറുണ്‍ അൽ റഷീദ് ഭേദഗതി ഓർഡിനൻസ് വരുന്നതിനെയും കാത്തിരുന്നു എന്നതിന് തെളിവാവുകയാണിത്.

നിയമസഭ കൂടാനിരിക്കെ ലോകായുക്ത നിയമം ഓർഡിനൻസിലൂടെ ഭേദഗതി ചെയ്തത് ഒഴിവാക്കാമായിരുന്നുവെന്നും, ആലോചനയില്ലാതെ ദുരിതാശ്വാസ നിധി അനുവദിക്കുന്നതിൽ എടുത്തുചാടി തീരുമാനം എടുത്തത് കൊണ്ടാണ് പഴി കേൾക്കേണ്ടി വന്നതെന്നും, സർക്കാർ വടി കൊടുത്ത് അടിവാങ്ങുകയാണെന്നും ഉപലോകായുക്ത ഹാറുൺ അൽ റഷീദ് പറഞ്ഞിരുന്നതും ഈ അവസരത്തിൽ ശ്രദ്ധേയമാവുകയാണ്.