ചിലർ ‘പിപ്പിടികൾ’ കാട്ടുന്നതായി ഗവർണറെ ലക്ഷ്യമാക്കി പിണറായിയുടെ ‘പിപ്പിടി വിദ്യ’

ആലപ്പുഴ . സർവകലാശാലാ വിഷയങ്ങളിൽ സർക്കാർ ഇടപെടുമ്പോൾ ചിലർ ‘പിപ്പിടികൾ’ കാട്ടുന്നതായി ഗവർണറെ ലക്ഷ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ ‘പിപ്പിടി വിദ്യ’. ചേർത്തല ദേവീ ക്ഷേത്ര മൈതാനത്ത് കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം.

മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ: ‘കഴിഞ്ഞ സർക്കാർ വിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റമാണ് വരുത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ഇക്കാര്യത്തിൽ എതിർപ്പ് ഗൗനിക്കേണ്ടതില്ല. ഇടുങ്ങിയ മനസുള്ളവരാണ് വികസനത്തെ തടയുന്നത്. നാടിന്റെ മാറ്റമാണ് ആവശ്യം. ഉന്നത വിദ്യാഭ്യാസ രംഗം വൻതോതിൽ ശാക്തീകരിക്കും. സർവകലാശാലാ വിഷയങ്ങളിൽ സർക്കാർ ഇടപെടുമ്പോൾ ചിലർ ‘പിപ്പിടികൾ’ കാട്ടുന്നതായി ഗവർണറെ ലക്ഷ്യമാക്കി മുഖ്യമന്ത്രി പറഞ്ഞു.

കാലാനുസൃതമായ പരിഷ്‌കാരമുണ്ടാകും. വ്യവസായ മേഖലകളിലുൾപ്പെടെ ജോലി സാദ്ധ്യതയുള്ള പുത്തൻ കോഴ്സുകളും, അനുബന്ധ സൗകര്യങ്ങളും ഒരുക്കും. വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികളെ ഉൾപ്പെടെ കേരളത്തിലേക്ക് ആകർഷിക്കുന്ന തരത്തിലായിരിക്കും പ്രവർത്തനം. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറുമെന്നും പിണറായി പറഞ്ഞു’