ചൈനയിൽ 123 യാത്രക്കാരുമായി വിമാനം തകർന്നുവീണു; രക്ഷാപ്രവർത്തനം തുടരുന്നു

ബീജിംഗ്: ചൈനയിൽ 123 യാത്രക്കാരുമായി വിമാനം തകർന്നു വീണു. ഈസ്റ്റേൺ എയർലൈൻറെ ബോയിംഗ് 737 വിമാനമാണ് തകർന്നുവീണത്. ഗുവാങ്‌സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം വീണത്. ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ചൈനീസ് മാധ്യമമായ ചൈന സെൻട്രൽ ടെലിവിഷനാണ് . 123 യാത്രക്കാരും ഒൻപത് ക്യാബിൻ ക്രൂ അംഗങ്ങളം അടക്കം 132 പേരാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് പറയുന്നത്.

ഉച്ചയ്ക്ക് 1.11 ന് കുമിങ് സിറ്റിയിൽ നിന്നാണ് വിമാനം പറന്നുയർന്നത്. 3.5 ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനവുമായുള്ള ബന്ധം 2.22 ഓട് കൂടി വിച്ഛേദിക്കപ്പെട്ടു. വിമാനം തകർന്നുവീണതോടെ പ്രദേശത്തെ പർവ്വതത്തിൽ തീപിടുത്തവും ഉണ്ടായിട്ടുണ്ട്. ആളപായം സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ പർവ്വത പ്രദശത്ത് നിന്ന് പുക ഉയരുന്നത് വ്യക്തമാണ്.