മാദ്ധ്യമങ്ങളിൽ ആസൂത്രിതമായ വാർത്തകൾ വരുന്നു, ബാർ കോഴ ശബ്​ദ​രേഖയിൽ എക്സൈസ് മന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം : മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചുനൽകാൻ നിർ‌ദ്ദേശിക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്ന സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. മദ്യനയത്തിന്റെ പ്രാരംഭ ചർച്ച പോലും ആയിട്ടില്ല. പണപ്പിരിവ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതിന് പിന്നിൽ ​ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറയുകയുണ്ടായി.

ശബ്ദരേഖാ കലാപരിപാടികൾ സ്ഥിരം സംഭവമാണ്. ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളെ സർക്കാർ വച്ചുപ്പുറപ്പിക്കില്ല. വരാൻ പോകുന്ന മദ്യനയത്തെ കുറിച്ച് മാദ്ധ്യമങ്ങളിൽ ആസൂത്രിതമായി വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഇവയുടെ ഉറവിടം എന്താണെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് ആയതിനാൽ അത്തരത്തിലൊരു ചർച്ചയും സർക്കാർ തലത്തിലോ എക്സൈസ് വകുപ്പ് തലത്തിലേ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറ‍ഞ്ഞു.

മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാറുടമകളുടെ സംഘടന നേതാവ് അയച്ച സന്ദേശമാണ് പുറത്തായത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനും ഓരോ ബാറുടമകളും 2.5 ലക്ഷം രൂപ നൽകണമെന്നായിരുന്നു വാട്സ്ആപ്പ് ഓഡ‍ിയോ സന്ദേശത്തിൽ പറഞ്ഞത്. ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോനാണ് ശബ്ദ സന്ദേശം അയച്ചത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വിയ സുനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് പിരിവെന്നും ബാറുടമകൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.