പ്രധാനമന്ത്രി ഇന്ന് അനന്തപുരിയുടെ മണ്ണിൽ , വരവേൽക്കാനൊരുങ്ങി തലസ്ഥാനനഗരി, പഴുതടച്ചുള്ള സുരക്ഷ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനന്തപുരിയുടെ മണ്ണിലെത്തും. പ്രിയ നേതാവിനെ വരവേൽക്കാൻ തലസ്ഥാനനഗരി ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് ട്രെയിൻ മലയാളികൾക്ക് അദ്ദേഹം ഇന്ന് സമർപ്പിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളികളുടെ വന്ദേ ഭാരത് എന്ന സ്വപ്നം യാഥാർഥ്യമാകുന്നത്. നാടും നഗരവും ഒരുപോലെ കാത്തിരിക്കുകയാണ് പ്രധാനമന്ത്രിയുടെ വരവിനായി.

കൊച്ചിയിൽ നിന്ന് രാവിലെ 10.15നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തുന്നത്. എയർപോർട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിക്കും. 10.30നാണ് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് നടക്കുക. 10.50വരെ അവിടെ ചെലവിടുന്ന പ്രധാനമന്ത്രി ട്രെയിനിൽ സജ്ജമാക്കിയ കോച്ചിൽ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തും. 11ന് സെൻട്രൽ സ്റ്റേഡിയത്തിലെത്തും. കൊച്ചി വാട്ടർ മെട്രോയും പൂർണമായി വൈദ്യുതീകരിച്ച ദിണ്ടിഗൽ- പളനി- പാലക്കാട് സെക്‌ഷൻ റെയിൽപാതയും നാടിന് സമർപ്പിക്കും.

ഡിജിറ്റൽ സർവകലാശാലയുടെ ഡിജിറ്റൽ സയൻസ് പാർക്ക്, കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം റെയിൽമേഖലയുടെ വികസനം, തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതി, തിരുവനന്തപുരം- ഷൊർണൂർ സെക്‌ഷനിലെ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററാക്കുന്ന പദ്ധതി എന്നിവയുടെ ശിലാസ്ഥാപനവും നിർവഹിച്ച ശേഷമാകും അദ്ദേഹം മടങ്ങുക.