പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും ,ആവേശകരമായ സ്വീകരണമൊരുക്കി സംസ്ഥാനം

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാളെ കേരളത്തിലെത്തും. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിലെ നാവിക സേനയുടെ പ്രത്യേക വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തും. കൊച്ചി നഗരം അദ്ദേഹത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നാളെ വൈകുന്നേരം കൊച്ചിയിൽ പ്രധാനമന്ത്രി ബിജെപിയുടെ റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് തേവര സേക്രട്ട് ഹാർട്ട് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരിക്കുന്ന യുവം കോൺക്ലേവിൽ അദ്ദേഹം എത്തും. യുവാക്കളുമായി സംവദിക്കും.

തിങ്കളാഴ്ച രാത്രി കൊച്ചിയിൽ തങ്ങുന്ന പ്രധാനമന്ത്രി അടുത്ത ദിവസം രാവിലെ 9:25 നാകും കൊച്ചിയിൽ നിന്നും പുറപ്പെടുക. തിരുവനന്തപുരം വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ 10:15 ന് പ്രധാനമന്ത്രി എത്തും. 10.30 ന് സെൻട്രൽ റയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും. 20 മിനിറ്റ് നീളുന്ന പരിപാടിയുടെ തുടർച്ചയായി റയിൽവേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം ചെയ്യും.

ടെക്‌നോ സിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം എന്നിവ നിർവ്വഹിക്കും. അതിനുശേഷം ഉച്ചയോടു കൂടിയാകും അദ്ദേഹം തിരികെ മടങ്ങുക. അതേസമയം കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ ചുമതല മുഴുവൻ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) ഏറ്റെടുത്തു. സംസ്ഥാന പോലീസിന്റെ ഭാഗത്ത് തന്നെ സുരക്ഷ വീഴ്ച ഉണ്ടായിരിക്കുന്ന സാഹചര്യത്തിലാണിത്. പ്രധാനമന്ത്രിയുടെ സുരക്ഷാപദ്ധതി പൊലീസിൽ നിന്ന് ചോർന്നതോടെ പ്രധാനമന്ത്രിക്ക് കടുത്ത സുരക്ഷാഭീഷണി ഉണ്ടെന്ന് കേന്ദ്രം വിലയിരുത്തി.

പ്രധാനമന്ത്രിയുടെ സുരക്ഷാ സ്‌കീം ചോർന്നതോടെ ഇന്റലിജൻസ് വിഭാഗം പുതിയ സുരക്ഷാ പദ്ധതി തയ്യാറാക്കി എസ്.പി.ജിക്ക് കൈമാറിയിട്ടുണ്ട്. 5000ലേറെ പൊലീസുകാരുടെ വലയത്തിലായിരിക്കും മോദിയുടെ പരിപാടികൾ നടക്കുക. ക്രിമിനൽബന്ധമുള്ളതും കുഴപ്പക്കാരുമായ പൊലീസുകാരെ ഒഴിവാക്കി. തമിഴ്നാട്ടിൽ രാജീവ്ഗാന്ധിക്ക് സംഭവിച്ചതുപോലെ മോദിക്കും സംഭവിക്കുമെന്ന് കൊച്ചിയിലെ റിട്ട. ഉദ്യോഗസ്ഥന്റെ പേരിലുള്ള കത്ത് കഴിഞ്ഞ17ന് ബി.ജെ.പി സംസ്ഥാനകമ്മിറ്റി ഓഫീസിൽ കിട്ടിയിരുന്നു.