സംസ്ഥാനത്തത്തെ ആദ്യ വന്ദേ ഭാരതിന് പ്രധാനമന്ത്രി ഇന്ന് പച്ചക്കൊടി വീശും, തലസ്ഥാനത്ത് കനത്ത സുരക്ഷ

തിരുവനന്തപുരം: കേരളം കാത്തിരുന്ന ആ ദിവസം എത്തിയിരിക്കുകയാണ്. സംസ്ഥാനത്തത്തെ ആദ്യ വന്ദേ ഭാരതിന് പ്രധാനമന്ത്രി ഇന്ന് പച്ചക്കൊടി വീശും. കൊച്ചിയിൽ നിന്ന് തിരിച്ച് ഇന്ന് രാവിലെ പ്രധാനമന്ത്രി തലസ്ഥാനത്തെത്തും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കും.

രാവിലെ 10.30-ന് തന്നെ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും. വന്ദേ ഭാരതിന്റെ ആദ്യ യാത്രയിൽ അദ്ദേഹം പങ്കെടുക്കില്ല. ഫ്ലാഗ് ഓഫിന് ശേഷം 10.50 വരെ അവിടെ ചിലവിടുകയും വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളുമായാകും സംവാദിക്കും.

അതേസമയം വിവിധ സ്‌റ്റേഷനുകളിൽ നിന്നായി 1,000 വിദ്യാർത്ഥികൾ സൗജന്യ യാത്ര നടത്തും. ആദ്യയാത്രയിൽ മുഴുവൻ സമയവും 1000 യാത്രക്കാരുണ്ടാകും. സംസ്ഥാനത്തെ എല്ലാ എംപിമാരെയും എംഎൽഎമാരെയും യാത്രയ്‌ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. ഇന്നത്തെ യാത്രയിൽ 14 സ്റ്റോപ്പിലും ട്രെയിന് വൻ വരവേൽപ്പുണ്ടാകും.

കൊച്ചി വാട്ടർ മെട്രോ 11-ന് സെൻട്രൽ സ്റ്റേഡിയത്തിൽവെച്ച് ഉദ്‌ഘാടനം ചെയ്യും. ഇതിനോടൊപ്പം വൈദ്യുതീകരിച്ച പാലക്കാട്-പളനി- ദിണ്ടിക്കൽ സെക്ഷൻ റെയിൽപ്പാതയും രാജ്യത്തിന് സമർപ്പിക്കും. ഒപ്പം തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന് മോദി തറക്കല്ലിടും. ഇത് രാജ്യത്തെ തന്നെ ആദ്യത്തേതാണ്. ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിന്റെ വിജ്ഞാന രംഗത്തെ മുന്നേറ്റങ്ങൾക്ക് ഊർജ്ജമാകും എന്നാണു കണക്കാക്കുന്നത്.