കര്‍ഷകരുടെ വേദന മനസിലാക്കുന്നു,കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു. മൂന്ന് നിയമങ്ങളും പിന്‍വലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യവെ അറിയിച്ചു. കര്‍ഷകരുടെ ക്ഷേമം മുന്നില്‍ക്കണ്ടാണ് നിയമങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ചില കര്‍ഷകര്‍ക്ക് നിയമത്തിന്റെ ഗുണങ്ങള്‍ മനസിലാക്കാനായില്ല. അതിനാല്‍ വേദനയോടെ നിയമം പിന്‍വലിക്കുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. കര്‍ഷകരുടെ വേദന മനസിലാക്കുന്നു അവരുടെ ഉന്നമനത്തിന് പ്രാധാന്യം നല്‍കുമെന്നും മോദി പറഞ്ഞു.

രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെ ക്ഷേമത്തിന് പ്രതിജ്ഞാബദ്ധരാണ് കേന്ദ്രസര്‍ക്കാര്‍. ഏറ്റുവും ചെറിയ കര്‍ഷകനെ വരെ സംരക്ഷിക്കും. കാര്‍ഷിക ബില്ലിനെ ചിലര്‍ തെറ്റിദ്ധരിപ്പിച്ച് കര്‍ഷകരെ തെരുവിലിറക്കി യതിനെ അത്യധികം വേദനയോടെയാണ് കാണുന്നത്. രാജ്യത്തെ ഓരോ കര്‍ഷകന്റേയും പരിശ്രമത്തിന് നേരിട്ട് ഗുണം ലഭിക്കണം. അതിനാണ് കാര്‍ഷിക ബില്ല് കൊണ്ടുവന്നത്. അവരുടെ ഉല്‍പ്പന്നങ്ങള്‍ അവര്‍ക്കിഷ്ടമുള്ള രാജ്യത്തെ ഏത് പ്രദേശത്തും വില്‍ക്കാനാകണമെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ചിലര്‍ക്ക് ചിലകാര്യങ്ങള്‍ മനസ്സിലായിട്ടില്ല. അതിന് നിരന്തരം ബഹളങ്ങളും നടക്കുകയാണ്. സര്‍ക്കാര്‍ അതീവ വിനയത്തോടെ അവരോട് എല്ലാം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാറിന്റെ ഒരോ ചുവടുവെയ്പ്പും കര്‍ഷകര്‍ക്കൊപ്പമാണെന്ന് ഉറപ്പുനല്‍കുന്നു.-പ്രധാനമന്ത്രി പറഞ്ഞു.

മൂന്ന് ബില്ലുകളും ജനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ അതിനെ മനസ്സിലാക്കാന്‍ ഒരു വിഭാഗത്തിന് ഇനിയും സാധിച്ചിട്ടില്ല. അതിനാലാണ് മൂന്ന് ബില്ലുകളും പിന്‍വലിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകക്ഷേമം ഉറപ്പാക്കിയതിന്റെ ചരിത്രമുഹൂര്‍ത്തമാണ് ഒന്നരലക്ഷം കോടിരൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നടത്തിയതെന്ന് മറക്കരുതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

കര്‍ഷകരുടെ നഷ്ടങ്ങള്‍ ഇപ്പോള്‍ വേഗത്തില്‍ ഉന്നയിക്കാന്‍ സാധിക്കുന്നു. പ്രാദേശിക ചന്തകള്‍ ശക്തിപ്പെടുത്തി താങ്ങുവില നല്‍കുന്നു. കര്‍ഷകരിലേറെയും രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ളവരും ദരിദ്രരുമാണ്. പെന്‍ഷന്‍ പദ്ധതികള്‍ കര്‍ഷകര്‍ക്ക് സഹായകമാണ്. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ബജറ്റ് വിഹിതം 5 തവണ ഉയര്‍ത്തി. താങ്ങുവില (എംഎസ്പി) വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു, മൊത്തവ്യാപാര വിപണി ഇടപാടുകള്‍ ഓണ്‍ലൈന്‍ ആക്കി. ചെറുകിട കര്‍ഷകരെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവന്നു, കര്‍ഷകര്‍ക്കായുള്ള നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഈ സര്‍ക്കാരിന്റെ നേട്ടമാണ്. ഒന്നര വര്‍ഷത്തിനു ശേഷം കര്‍താപൂര്‍ ഇടനാഴി തുറന്നു. -പ്രധാനമന്ത്രി രാജ്യത്തെ അഭിസംഭോധന ചെയ്ത് പറഞ്ഞു.