16 ജില്ലകളില്‍ റെഡ് അലര്‍ട്ട്, തമിഴ്‌നാട്ടില്‍ ഒരാഴ്‌ച്ചയ്‌ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ന്യൂനമര്‍ദ്ദം

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. ചെന്നൈ തീരത്തിനടുത്തായുള്ള ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് മഴ കനത്തത്. ഈ സാഹചര്യത്തില്‍ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 19 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കി. വരും മണിക്കൂറുകളില്‍ മഴയുടെ ശക്തി കൂടാനാണ് സാദ്ധ്യതയെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ചെന്നൈ ഉള്‍പ്പെടെ അഞ്ച് ജില്ലകള്‍ക്കായിരുന്നു നേരത്തെ റെഡ് അലര്‍ട്ട്. പിന്നീട് ഇത് 11 ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ആന്ധ്രയുടെ കിഴക്കന്‍ മേഖലയിലും ശക്തമായ മഴ തുടരുകയാണ്. നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ അടക്കം തീരമേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തുരുപ്പതിയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

ചിറ്റൂരില്‍ സ്വര്‍ണ്ണമുഖീ നദീ തീരത്തുള്ള നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുപ്പതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളിലും രണ്ട് ദിവസത്തേയ്‌ക്ക് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരി, കാരയ്‌ക്കല്‍ എന്നിവിടങ്ങളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

ഒരാഴ്‌ച്ചയ്‌ക്കിടെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദ്ദമാണിത്. തീവ്രന്യൂനമര്‍ദ്ദം കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഈ ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശക്തമായ മഴ തുടരും. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.