ഒടുവില്‍ പോലീസും പറയുന്നു വ്‌ളോഗര്‍ നേഹയുടെ മരണത്തില്‍ ദുരൂഹതയെന്ന്; മരണത്തിന് പിന്നില്‍ ലഹരി മാഫിയ

യുട്യൂബ് വ്‌ളോഗറും മോഡലുമായ നേഹ (27)യെ കൊച്ചിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ വര്‍ധിക്കുന്നുവെന്ന് പൊലീസ്.ഭര്‍ത്താവുമായി അകന്ന നേഹ ആറു മാസം മുന്‍പാണ് കൊച്ചിയിലെത്തിയത്. കണ്ണൂര്‍ സ്വദേശിയായ സുഹൃത്ത് സിദ്ധാര്‍ഥുമൊന്നിച്ചായിരുന്നു കൊച്ചിയില്‍ താമസം. മരണം നടന്ന ദിവസം സിദ്ധാര്‍ത്ഥ് നാട്ടിലായിരുന്നു. vlogger neha death

നേഹയ്‌ക്കൊപ്പം താമസിച്ച സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാളുടെ ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മരണത്തിന് പിന്നില്‍ ലഹരി മാഫിയയ്ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മാര്‍ച്ച്‌ രണ്ടിനാണ് കണ്ണൂര്‍ സ്വദേശിനിയായ നേഹയെ കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

നേഹയുടെ സഹായത്തിനായി ഒരു സുഹൃത്ത് ഫ്‌ലാറ്റിലുണ്ടായിരുന്നു. സംഭവ ദിവസം സുഹൃത്ത് ഭക്ഷണം വാങ്ങാനായി പോയി തിരിച്ചുവന്നപ്പോള്‍ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫോണില്‍ വിളിച്ചിട്ടും എടുക്കാതെയായതോടെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറി. തുടര്‍ന്ന് നേഹയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

നേഹ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്ബായി സിദ്ധാര്‍ഥിന് അയച്ച വാട്ട്‌സ്‌അപ് സന്ദേശങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നത്. നേഹയുടെ ഫ്‌ളാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തിരുന്നു. കൂടാതെ, വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മൂന്നു യുവാക്കളില്‍ ഒരാളുടെ പക്കല്‍നിന്നു 15 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തിരുന്നു. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹതകള്‍ ഉയര്‍ന്നത്.