നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ അറസ്റ്റില്‍

നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്തയെ പോലീസ് അറസ്റ്റ് ചെയ്തു. മരുമകള്‍ പ്രിയങ്കയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കേസിലാണ് അറസ്റ്റ്. നെടുമങ്ങാട് എസ് പി ഓഫീസില്‍ ഹാജരായ ശാന്തയെ ജാമ്യത്തില്‍ വിടും. ശാന്തയുടെ മരുമകള്‍ പ്രിയങ്ക ജീവനൊടുക്കിയ കേസില്‍ രണ്ടാം പ്രതിയാണ് ശാന്ത. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ശാന്തയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിയുടെ ഭാര്യയാണ് പ്രിയങ്ക. പ്രിയങ്കയുടെ മരണത്തെ തുടര്‍ന്ന് 2021 മെയ് 25ന് ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 ഏപ്രില്‍ 13നാണ് പ്രിയങ്ക ജീവനൊടുക്കിയത്. വെമ്പായത്തെ വീട്ടിനുള്ളില്‍ പ്രിയങ്കയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ശാന്തയും ഉണ്ണിയും പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് പരാതി. ഉണ്ണിയുമായി പിണങ്ങിയ പ്രിയങ്ക സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. സ്വന്തം വീട്ടിലെത്തിയിട്ടും സ്ത്രീധനത്തിന് പേരില്‍ ഉണ്ണി പ്രിയങ്കയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.