പോലീസ് മർദ്ദനം : സൈനികനും സഹോദരനും നീതി തേടി ഹെെക്കോടതിയിലേക്ക്

കൊല്ലം. കിളികൊല്ലൂരിൽ പോലീസ് മർദ്ദനത്തിൽ നീതി തേടി മർദ്ദനമേറ്റ സൈനികനും സഹോദരനും ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ സൈന്യം അന്വേഷണം നടത്തുന്നതിനിടെ തങ്ങൾക്കെതിരെ ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കുക, പോലീസ് മർദനത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൈനികനും സഹോദരനും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം കോടതിയിൽ ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്ന നിലപാട് ഏറെ നിർണ്ണായകമാകും.

കഴിഞ്ഞ ഓഗസ്റ്റ് 25നാണ് പേരൂർ സ്വദേശിയായ സൈനികൻ വിഷ്ണു സഹോദരൻ വിഘ്‌നേഷ് എന്നിവർക്ക് കിളികൊല്ലൂർ പോലീസിന്റെ ക്രൂര മർദ്ദനം ഏൽക്കേണ്ടി വരുന്നത്. ഇതേ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ അടക്കം ക്രൂരമായി മർദ്ദിച്ചെന്ന കേസിൽ ഇരുവർക്കും എതിരെ പോലീസ് എഫ്.ഐ ആർ ഇടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കുക, പോലീസ് മർദ്ദനത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുവാക്കൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

യുവാക്കൾക്ക് നേരെ നടന്ന ക്രൂരതയിൽ പ്രതിഷേധം ശക്തമായതിന് പിറകെ എസ്എച്ച്ഒയടക്കം 4 പോലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും മറ്റ് രണ്ട് പേരെ സ്ഥലം മാറ്റുകയും ആണ് ചെയ്തിരുന്നത്. എന്നാൽ ഇതിലൂടെ പ്രതിഷേധത്തിന് തടയിടുകയും പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനു മാണ് ശ്രമം നടക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നതാണ്. ഹൈക്കോടതി വിഷയത്തിൽ പോലീസിന്റെ വിശദീകരണം തേടുമ്പോൾ അവർ സ്വീകരിക്കുന്ന നിലപാട് ഏറെ നിർണ്ണായകമാകും. ഇതിലുടെ ആഭ്യന്തര വകുപ്പിനെതിരെ നിലനിൽക്കുന്ന ആരോപണങ്ങൾ ശരിയോ എന്നതിലും വ്യക്തത ഉണ്ടാകും. സംഭവത്തിൽ സൈന്യവും അന്വേഷണം നടത്തി വരുകയാണ്.