മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിടാൻ പോലീസ് ക്രൂരത, അത്യാസന്ന നിലയിലുള്ള രോഗികളുമായി എത്തിയ രണ്ട് ആംബുലന്‍സുകള്‍ തടഞ്ഞിട്ടു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നു പോകുന്നതിനായി അത്യാസന്ന നിലയിലുള്ള രോഗികളുമായി എത്തിയ ആംബുലന്‍സുകളേയും കാല്‍നട യാത്രക്കാരേയും തടഞ്ഞ് പോലീസിന്റെ കാടത്തം. പിഎംജി ജങ്ഷനില്‍ കഴിഞ്ഞ ശനി രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

നന്ദന്‍കോടു നിന്നു പിഎംജി വഴി ലോ കോളജ് ഭാഗത്തേക്കു പോകുകയായിരുന്നു മുഖ്യമന്ത്രിയും പോലീസ് വാഹനവ്യൂഹവും. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ നിന്നു പുറപ്പെട്ടപ്പോള്‍ തന്നെ നന്ദന്‍കോട്, പിഎംജി ജങ്ഷന്‍ എന്നിവിടങ്ങളില്‍ വാഹനങ്ങളേയും കാല്‍നട യാത്രക്കാരേയും പോലീസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. അതിനിടെ അത്യാസന്ന നിലയിലുള്ള രോഗികളുമായി രണ്ട് ആംബുലന്‍സുകള്‍ എത്തിയെങ്കിലും പോലീസ് അവരെ മുഖ്യമന്ത്രി പോയശേഷം കടത്തിവിടാമെന്ന നിലപാട് എടുക്കുകയായിരുന്നു.

കൂടാതെ ലോ കോളജ് വഴിയോ പട്ടം വഴിയോ വാഹനത്തെ കടത്തി വിടാമായിരുന്നിട്ടു പോലീസുകാര്‍ അതിനു തയ്യാറായില്ല. ഇതോടെ മറ്റ് വാഹനയാത്രക്കാരും പിഎംജിയിലെ ഓട്ടോ ഡ്രൈവര്‍മാരും ആംബുലന്‍സുകള്‍ കടത്തി വിടണമെന്നു പോലീസിനെ അറിയിച്ചിങ്കിലും തിരിച്ച് നാട്ടുകാരെ വിരട്ടുകയാണ് ഉണ്ടായത്.

അതുവഴി കടന്നു പോയ രണ്ട് ഇതര സംസ്ഥാനക്കാര്‍ക്കു നേരെ പോലീസ് കയര്‍ക്കുകയും ലാത്തിയും വീശി. പിന്നീട് 15 മിനിട്ടുകള്‍ക്കുശേഷം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോയതിനുശേഷമാണ് ഈ വാഹനങ്ങളെല്ലാം പോലീസ് കടത്തി വിടുന്നത്. അതിനിടെ മുഖ്യമന്ത്രിക്ക് സുഗമമായി കടന്നു പോകുന്നതിനായി ആംബുലന്‍സ് തടഞ്ഞു നിര്‍ത്തിയതില്‍ നാട്ടുകാര്‍ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.