എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ മര്‍ദ്ദിച്ച സംഭവത്തില്‍ 30 പേര്‍ക്കെതിരെ പോലീസ് കേസ് 

കൊച്ചി. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. പെരുമ്പാവൂര്‍ പോലീസാണ് കേസെടുത്തത്. നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയെ കരിങ്കോടി കാണിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രണം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണാനെത്തിയതായിരുന്നു എംഎല്‍എ.

ബൈക്കിലെത്തിയ സംഘമാണ് എംഎല്‍എയെയും സംഘത്തെയും മര്‍ദ്ദിച്ചത്. പെരുമ്പാവൂരില്‍ നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉയര്‍ന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് നോക്കി നില്‍ക്കെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ അനുഗമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധക്കാരെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇരുകൂട്ടരെയും പിരിച്ചുവിട്ടു.