പാർക്ക് ചെയ്തിരുന്ന ബൈക്ക് വലിച്ചിഴച്ച് നടുറോഡിൽ തള്ളി, യുവാക്കൾക്കെതിരെ കേസെടുത്ത പൊലീസ് ഏമാന്മാർ സിസിടിവിയിൽ കുടുങ്ങി

ആലപ്പുഴ: റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് നടുറോഡിൽ തള്ളിയെന്നാരോപിച്ച് യുവാക്കൾക്കെതിരെ കേസെടുത്ത പൊലീസിനെ കുടുക്കി സിസിടിവി. പുതുവത്സര ദിനത്തിൽ നുറനാടാണ് ഇരുട്ടിന്റെ മറവിലെത്തി പോലീസുകാരുടെ അഴിഞ്ഞാട്ടം. നൂറനാട് സ്വദേശി സാലുവിനും പത്തോളം സുഹൃത്തുക്കൾക്കുമെതിരെയാണ് വാഹനങ്ങൾ നശിപ്പിച്ചതിനടക്കം കേസെടുത്തത്.

തുരുത്തിയില്‍ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ആഘോഷങ്ങൾ നടക്കുമ്പോൾ പോലീസിനെ കണ്ട് കൂടി നിന്നവർ പ്രദേശത്ത് നിന്ന് ഓടിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് അവിടെയുണ്ടായിരുന്ന സാലുവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തതെന്ന് ആരോപണമുയർന്നത്. സംഭവത്തിനു പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിനോട് ചേർന്ന പറമ്പിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾ വലിച്ചിഴച്ച് നടുറോ‍ഡിൽ തള്ളുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.

തുടർന്ന് അവിടെ നിന്ന് എല്ലാവരും പോയ ശേഷമെത്തിയ പോലീസ് സംഘം വാഹനങ്ങൾ പൊലീസ് തള്ളിക്കൊണ്ടുവന്ന് നശിപ്പിക്കുന്നത്. പിന്നീടാണ് പൊലീസിന്റെ പ്രവൃത്തിയുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് സാലു പ്രതികരിച്ചു. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി പോലീസും രംഗത്തെത്തി. ഹാൻഡിൽ ലോക്ക് ആയതിനാൽ മാത്രമാണ് കൊണ്ടുപോയതെന്ന് പോലീസിന്റെ വിശദീകരണം. എന്നാൽ ഇത് നടുറോഡിൽ തള്ളിയത് എന്തിനെന്ന കാര്യത്തിൽ വിശദീകരണമില്ല.