വിശ്വനാഥന്റെ ആൾകൂട്ട ആക്രമണത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ച – കെ സുരേന്ദ്രൻ

തിരുവനന്തപുരം. ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കണം. അട്ടപ്പാടി മധുവിനെതിരെ നടന്നതിന് സമാനമായ രീതിയിലാണ് വിശ്വനാഥനെതിരെയും ആൾക്കൂട്ട ആക്രമണം നടന്നത്. മോഷണകുറ്റം ആരോപിച്ച് തല്ലിക്കൊല്ലുന്ന രീതിയിലേക്ക് നമ്മുടെ സമൂഹം എത്തിയത് ഞെട്ടിക്കുന്നതാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ദളിത് – ആദിവാസി വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർധിക്കുകയാണ്. വിശ്വനാഥനെ കാണാതായ ദിവസം തന്നെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണം നടത്താൻ കൂട്ടാക്കാതിരുന്ന പൊലീസ് അവരെ അധിക്ഷേപിക്കുകയായിരുന്നു. പൊലീസ് നീതിപൂർവ്വം പ്രവർത്തിച്ചിരുന്നെങ്കിൽ ഇത്തരമൊരു ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നു – സുരേന്ദ്രൻ പറഞ്ഞു. മധുവിന്റെ കേസിലും പൊലീസിന്റെ വീഴ്ച പ്രകടമായിരുന്നു. പിണറായി സർക്കാരിന്റെ ഭരണത്തിൽ കേരളം ആൾക്കൂട്ട മർദ്ദനങ്ങളുടെ പേരിൽ കുപ്രസിദ്ധിയാർജിക്കുകയാണെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അതേ സമയം മെഡിക്കല്‍ കോളേജിന് സമീപം ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് പ്രാഥമിക തെളിവുകളില്ലെന്നാണ് പോലീസ് ഭാഷ്യം. മൃതദേഹ പരിശോധനയില്‍ കഴുത്തില്‍ കയറ് കുരുങ്ങിയ പാടുകളാണ് കണ്ടതെന്നും പൊലീസ് വാദം. മോഷണം നടന്നുവെന്ന് കാണിച്ച് ഒരു പരാതിയും പൊലീസിന് ലഭിച്ചിട്ടില്ല എന്നും പോലീസ് പറയുന്നു. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നാണ് സംഭവത്തിൽ മെഡിക്കല്‍ കോളേജ് എസിപി കെ സുദര്‍ശനന്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തില്‍ ഭാര്യയ്‌ക്കൊപ്പമെത്തിയ യുവാവിനെയായിരുന്നു കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സുരക്ഷാ ജീവനക്കാര്‍ക്കെതിരായ ആരോപണത്തില്‍ യുവാവിന്റെ കുടുംബം ഉറച്ച് നില്‍ക്കുകയാണ്. ഇല്ലാത്ത മോഷണക്കുറ്റം ആരോപിച്ച് മാനസികമായി വിശ്വനാഥനെ പീഡിപ്പിച്ചുവെന്ന് കുടുംബം പറയുന്നത്. ആശുപത്രിയില്‍നിന്ന് വിശ്വനാഥന്‍ പണവും മൊബൈല്‍ഫോണും മോഷ്ടിച്ചെന്ന് സുരക്ഷാ ജീവനക്കാര്‍ ആരോപിച്ചിരുന്നതായും തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും വിശ്വനാഥനെ ഇവര്‍ മോഷണക്കുറ്റം ആരോപിച്ച് ചോദ്യംചെയ്തതായും യുവാവിന്റെ ഭാര്യാമാതാവ് ലീല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മോഷണക്കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് കടുത്ത മാനസികപ്രയാസമു ണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് മരണം സംഭവിച്ചതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ലീല പറഞ്ഞു.

15 മീറ്റർ ഉയരമുള്ള മരത്തിൽ തൂങ്ങി നില്‍ക്കുന്ന നിലയിൽ കണ്ടെത്തിയ യുവാവിനെ മരണം തെളിവുകൾ ആത്മഹത്യായാണെന്ന് തെളിയിക്കുന്ന രീതിയാൽ മാത്രമാണ് എന്ന് പോലീസ് ഉറച്ച് പറയുമ്പോൾ പൊലീസിന്‍റെ വാദം തീർത്തും നിഷേധിക്കുന്ന തരത്തിലാണ് കുടുംബത്തിന്‍റെ പ്രതികരണം. വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറച്ച് പറയുകയാണ്. വിശ്വനാഥനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്നും ശരീരത്തിൽ മർദനമേറ്റതിന്റെ ലക്ഷണമുണ്ടെന്നുമാണ് വീട്ടുകാർ ആരോപിക്കുന്നത്. വിവാഹം കഴിഞ്ഞ് എട്ടു വർഷത്തിന് ശേഷമാണ് വിശ്വനാഥന് കുഞ്ഞുണ്ടായത്. കുഞ്ഞിന്റെ മുഖം കണ്ടിട്ട് വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും വിശ്വനാഥന്‍റെ സഹോദരൻ രാഘവൻ പ്രതികരിച്ചിരുന്നു.

കുറച്ച് കാലം മുമ്പ് മധു,ഇപ്പോൾ വിശ്വനാഥൻ.ഇനിയുമെത്രപേർ എന്നതാണ് ചോദ്യം ആണ് ഈ അവസരത്തിൽ ഉയരുന്നത്. ഇന്ത്യ ഭരണഘടന അനുവർത്തിക്കുന്ന എല്ലാ നിയമങ്ങളും വിശ്വനാഥനും ബാധകമാണ് എന്നത് ചിലരെല്ലാം ഓർക്കാതെ പോയത് കൊണ്ട് മാത്രമാണ് ഇപ്പോൾ വിശ്വനാഥനും ജീവൻ നഷ്ടമായിരിക്കുന്നത്. എന്തായാലും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെ രം​ഗത്ത് വന്നിരിക്കുകയാണിപ്പോൾ.