മാതൃഭൂമി ന്യൂസിനെതിരെ കേസെടുത്തു,ട്രെയിന്‍ തീവയ്പ് പ്രതിയുടെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം റിപ്പോര്‍ട്ടറെ ചോദ്യം ചെയ്തു

കൊച്ചി. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് ഭീകരാക്രമണ കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തു കേരളത്തില്‍ എത്തിക്കുന്നതിനിടെ വാഹനത്തെ പിന്തുടര്‍ന്ന് ലൈവായി സംപ്രേക്ഷണം ചെയ്ത ചാനല്‍ സംഘത്തിനെതിരെ കേസെടുത്ത് പോലീസ്.  മാതൃഭൂമി ന്യൂസിലെ കണ്ണൂര്‍ ജില്ലാ റിപ്പോര്‍ട്ടര്‍ ഫെലിക്സ്, ക്യാമറാമാന്‍ ഷാജു ചന്തപ്പുര, ഡ്രൈവര്‍ അസ്ലം എന്നിവര്‍ക്കെതിരേയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പ്രതിയുമായി സഞ്ചരിച്ച കാര്‍ കണ്ണൂര്‍ മമ്മാക്കുന്ന് റോഡില്‍വച്ച് പഞ്ചറായിരുന്നു. ടയര്‍ മാറ്റുന്നതിനായി നിർത്തുമ്പോഴാണ് ചാനല്‍ സംഘം ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. ടയര്‍ മാറ്റി സംഘം യാത്ര തുടരുന്നതിനിടെ ചാനല്‍സംഘം കാറിനെ പിന്തുടര്‍ന്നു തത്സമയ സംപ്രേക്ഷണം നല്‍കുക ഉണ്ടായി.

ഇങ്ങനെയുള്ള ഇടപെടലില്‍ പെലീസിന് ഡ്യൂട്ടി ചെയ്യാനായില്ല എന്നതിന് കൂടിയാണ് കേസ് എടുത്തിരിക്കുന്നത്.മാര്‍ഗതടസം സൃഷ്ടിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. റിപ്പോര്‍ട്ടര്‍ അടക്കമുള്ള മൂന്നു പേരെയും പൊലീസ് കോഴിക്കോട് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുണ്ടായി. കാസര്‍ഗോഡ് ഡി.സി.ആര്‍.ബി: ഡിവൈ.എസ്.പിയും ഭീകരവിരുദ്ധ സ്‌ക്വാഡ് അംഗവുമായ സി.എ. അബ്ദുള്‍ റഹ്‌മാനാണ് ചേവായൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.