പൊലീസ് സ്റ്റേഷൻ ഉപരോധം, ചാണ്ടി ഉമ്മൻ ഉൾപ്പെടെയുള്ള എംഎൽഎമാർക്കെതിരെ കേസ്

തിരുവനന്തപുരം: ശ്രീകാര്യം പോലീസ് സ്‌റ്റേഷനിൽ യൂത്ത് കോൺ​ഗ്രസ്-കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു. കല്ലേറിൽ പൊലീസുകാരന് പരിക്ക്. കോവളം എം.എല്‍.എ. എം. വിന്‍സന്റിനും പുതുപ്പള്ളി എം.എല്‍.എ. ചാണ്ടി ഉമ്മനുമെതിരെ ശ്രീകാര്യം പോലീസ് കേസ് എടുത്തു.

കേരള സര്‍വകലാശാല കാര്യവട്ടം കാംപസില്‍ കെ.എസ്.യു. നേതാവിനെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺ​ഗ്രസ് സ്റ്റേഷൻ ഉപരോധിച്ചത്. ഉപരോധത്തിനിടെ കല്ലേറില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ
എം. വിന്‍സന്റ് ഒന്നാംപ്രതിയും ചാണ്ടി ഉമ്മന്‍ രണ്ടാം പ്രതിയുമാണ്. തിരിച്ചറിയാവുന്ന 20 യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു.പ്രവര്‍ത്തകരേയുംപ്രതിചേര്‍ത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ 189(2), 191(1), 191 (2), 121 (1), 190 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പൊതുസേവകനായ പരാതിക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച്, കര്‍ത്തവ്യത്തിന് തടസ്സമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനുമുന്‍പില്‍ കൂടിയ യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കല്ലേറില്‍ പോലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചിന്റെ ഇടതുഭാഗത്ത് ചതവു പറ്റി.

കെ.എസ്.യു. ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെ മര്‍ദിച്ച എസ്.എഫ്.ഐ. നേതാക്കള്‍ക്കെതിരെ കേസെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു പോലീസ് സ്‌റ്റേഷന്‍ ഉപരോധം. ബുധനാഴ്ച അര്‍ധരാത്രി പ്രതിഷേധത്തിനിടെ എം. വിന്‍സന്റ് എം.എല്‍.എയും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു.