വിവാഹമോചനം കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് ജോണ്‍ പ്രണയം പറഞ്ഞു, എന്നാല്‍.. പൂജ പറയുന്നു

താരങ്ങളായ ജോണ്‍ കൊക്കനും പൂജിത രാമചന്ദ്രനും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. മിനിസ്‌ക്രീനിലൂടെയാണ് പൂജിത തന്റെ കരിയര്‍ ആരംഭിക്കുന്നത്. അവതാരകയായി തിളങ്ങുന്നതിനിടെയാണ് ബിഗ്‌സ്‌ക്രീനില്‍ അവസരം ലഭിക്കുന്നത്. ഐജി എന്ന ചിത്രത്തിലൂടെയാണ് ജോണ്‍ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുകയാണ് ജോണ്‍. ബാഹുബലി, വീരം, കെജിഎഫ് തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. സാര്‍പാട്ട പരമ്പരൈയില്‍ ആര്യയ്‌ക്കൊപ്പം ജോണും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തങ്ങളുടെ പ്രണയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ജോണും പൂജയും.

ജോണും പൂജയും ആദ്യമായി പരിചയപ്പെടുന്നത് ഒരു ലൊക്കേഷനില്‍ വെച്ചായിരുന്നു. അടുത്ത കൂടിക്കാഴ്ച ജിമ്മില്‍ വെച്ച്. ക്വിക് ബോക്‌സിങ് പഠിക്കുന്ന സമയത്താണ് കൂടുതല്‍ പരിചയപ്പെട്ടത്. ഒരുമിച്ചാണ് അത് പഠിച്ചത്. അങ്ങനെയാണ് സുഹൃത്തുക്കളായി മാറിയത്.- ഇരുവരും പറഞ്ഞു.

യാത്ര, ഭക്ഷണം, ഭാഷ ഇവയിലൊക്കെ ഞങ്ങള്‍ തമ്മില്‍ സമാനതകള്‍ ഉണ്ടായിരുന്നു. പിറന്നാള്‍ തമ്മില്‍ 5 ദിവസത്തിന്റെ വ്യത്യാസമേയുണ്ടായിരുന്നുള്ളൂ. ചില കാര്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇരട്ടകളെപ്പോലെയാണ്. ജിമ്മില്‍ പോവാറുണ്ടെങ്കിലും മസിലും ജിം ബോഡിയുമൊന്നും ഇഷ്ടമല്ലായിരുന്നു. അങ്ങനെയുള്ള ശരീരം കണ്ടാല്‍ നോക്കാറില്ലായിരുന്നു. ശരീരത്തെ കൂടുതല്‍ സ്‌നേഹിക്കുന്നവരായിരിക്കും അവര്‍. മറ്റുള്ളവര്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഇവര്‍ ശരീരത്തിന് നല്‍കുന്നുണ്ടാവും എന്നൊക്കെയായിരുന്നു കരുതിയത്. സംസാരിച്ച് തുടങ്ങിയപ്പോഴാണ് ജോണ്‍ എത്രത്തോളം മൃദുലനാണെന്ന് മനസ്സിലാക്കിയത്.- പൂജ പറഞ്ഞു.

മനസ്സിലെ ഇഷ്ടം ആദ്യം തുറന്നുപറഞ്ഞതും അദ്ദേഹമായിരുന്നു. നിന്റെ കൂടെ ഇരിക്കാനിഷ്ടമാണ്, എന്നാല്‍ നീയെന്താണ് കൂടെയില്ലാത്തത് എന്നായിരുന്നു ജോണ്‍ ചോദിച്ചത്. വിവാഹമോചനം കഴിഞ്ഞ് നില്‍ക്കുന്ന സമയത്തായിരുന്നു ജോണ്‍ പ്രണയം അറിയിക്കുന്നത്. നമുക്ക് സുഹൃത്തുക്കളായിരിക്കാമെന്ന മറുപടിയായിരുന്നു ഞാന്‍ നല്‍കിയത്. പിന്നീട് ഞാന്‍ തന്നെ ആ നിലപാട് മാറ്റുകയായിരുന്നു. -പൂജ പറഞ്ഞു.