ഒന്നാം പിണറായി സര്‍ക്കാര്‍ പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍പിഴവ്‌; സർക്കാരിന്റെ കൊള്ള

തിരുവനന്തപുരം: കൊറോണ വ്യാപനത്തിൻ്റേ തുടക്കത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേട് എന്നതിന് തെളിവുകള്‍ പുറത്ത്. നിപയെ പ്രതിരോധിച്ച കമ്പനിയുടെ പിപിഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയ കെഎംഎസ് സിഎല്‍ (KMSCL) തൊട്ടടുത്ത ദിവസം മറ്റൊരു കമ്പനിയ്ക്ക് ഓര്‍ഡര്‍ കൊടുത്തത് 15500 രൂപയ്ക്ക് ആണ്.

5500 രൂപയുടെ കിറ്റിന് രണ്ട് മാസമെടുത്തപ്പോള്‍ 15500 രൂപയുടെ കിറ്റിന് ഉത്തരവിറക്കാന്‍ വേണ്ടി വന്നത് രണ്ട് ദിവസം മാത്രമാണ്. ഒരു മുന്‍ പരിചയവുമില്ലാത്ത കമ്പനിക്ക് മുഴുവന്‍ തുകയായ 9 കോടി രൂപയും മുന്‍കൂറായി കൊടുക്കണമെന്നും ഉദ്യോഗസ്ഥര്‍ ഫയലിലെഴുതുകയും ചെയ്തു.

എന്ത് സാധനം വാങ്ങണമെങ്കിലും മാര്‍ക്കറ്റ് വിലയേക്കാള്‍ കുറച്ച് വാങ്ങണം എന്നാണല്ലോ സര്‍ക്കാര്‍ ചട്ടം. ടെണ്ടറൊന്നുമില്ലാതെ വാങ്ങേണ്ടി വരുമ്പോള്‍ പ്രത്യേകിച്ചും. പക്ഷേ കൊറോണ വന്നതോട് കൂടി എല്ലാം തകിടം മറിഞ്ഞു. മാര്‍ക്കറ്റ് വില നോക്കിയില്ലെന്ന് മാത്രമല്ല 550 രൂപയ്ക്ക് വാങ്ങിയ പിപിഇ കിറ്റിന് ഒരു മുന്‍പരിചയവുമില്ലാത്ത കമ്പനിക്ക് കൊടുത്തത് 1500 രൂപയാണ്.

നിപയെ പ്രതിരോധിക്കാന്‍ പിപിഇ കിറ്റ് നിര്‍മിച്ച് നല്‍കിയ കമ്പനിയാണ് കോറോൺ. 2014 മുതല്‍ പക്ഷിപ്പനി സമയത്തും ഉപയോഗിച്ചത് ഈ കമ്പനിയുടെ പിപിഇ കിറ്റ് തന്നെ. 2020 ജനുവരി 29 ന് കേരളത്തില്‍ ആദ്യത്തെ കൊറോണ സ്ഥിരീകരിച്ചതോടെ തൊട്ടടുത്ത ദിവസം തന്നെ കേറോണ്‍ എന്ന കമ്പനിയോട് പിപിഇ കിറ്റ് തരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അത്രയേറെ അടിയന്തര സാഹചര്യമായിട്ടും ഫയല്‍ ഇഴഞ്ഞ് നീങ്ങി. അങ്ങനെ രണ്ടുമാസമെടുത്ത് 550 രൂപയുടെ പിപിഇ കിറ്റ് വാങ്ങാന്‍ കേറോണിന് പര്‍ച്ചേസ് ഓര്‍ഡര്‍ കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 29 ന് നല്‍കി.

അന്നേ ദിവസം തന്നെ മഹാരാഷ്ട്രയിലെ സോളാപൂര്‍ ജില്ലയില്‍ നിന്നുള്ള പുതിയൊരു കമ്പനി ഈ മെയില്‍ വഴി പിപിഇ കിറ്റ് നല്‍കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചു. കമ്പനിയുടെ പേര് സാന്‍ ഫാര്‍മ. ഗൂഗിളില്‍ തലങ്ങും വിലങ്ങും തപ്പി നോക്കി. ഈ വിലാസത്തില്‍ ഇങ്ങനെയൊരു കമ്പനിയേ കാണാനില്ല. പക്ഷേ ഒരു മുന്‍പരിചയവുമില്ലാത്ത ഈ കമ്പനിയുടെ അപേക്ഷ ഫയലായപ്പോള്‍ അത് ശരവേഗത്തില്‍ മുന്നേറി.

ഈ മെയില്‍ കിട്ടിയ ദിവസം തന്നെ ഫയല്‍ തുടങ്ങുന്നു. വെറും ഒരു ദിവസം. പര്‍ച്ചേസ് ഓര്‍ഡര്‍ പുറത്തിറങ്ങുന്നു. പിപിഇ കിറ്റിന്‍റെ വില ഒരു ദിവസം കൊണ്ട് 500 ല്‍ നിന്ന് 1500 ആകുന്നു. ഒരു സാധനം പോലും ഇന്നേവരെ വാങ്ങാത്ത സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് 100 ശതമാനം അഡ്വാന്‍സ് കൊടുക്കണമെന്നും ഫയലിലെഴുതി. ഒടുവില്‍ ഒരുദ്യോഗസ്ഥന്‍ വിയോജനക്കുറിപ്പെഴുതിയിട്ടും 50 ശതമാനം അഡ്വാന്‍സ് നല്‍കി. 9 കോടി രൂപയുടെ ഉല്‍പന്നങ്ങളാണ് കൊവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ പേരുപോലും കേട്ടിട്ടില്ലാത്ത ഈ തട്ടിക്കൂട്ട് കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ വാങ്ങിയത്.

നിപയെ പ്രതിരോധിച്ച കമ്പനിയുടെ പിപിഇ കിറ്റിന് ഓര്‍ഡര്‍ കൊടുക്കാന്‍ രണ്ടുമാസം വേണ്ടി വന്നിടത്താണ് കേട്ടുകേള്‍വി പോലുമില്ലാത്ത കമ്പനിക്ക് മൂന്നിരട്ടി വിലയ്ക്ക് വെറും ഒരു ദിവസം കൊണ്ട് ഫയലില്‍ തീരുമാനമാക്കി ഉത്തരവിറക്കുന്നത്. ഫയലുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ ഞെട്ടിക്കുന്ന കൊറോണ പര്‍ച്ചേസ് കൊള്ളയാണ്.