മലയാള സിനിമയിലെ ക്യാന്‍സറാണ് അമ്മ, ഇടവേള ബാബു ഐസിസിയിലെന്നത് അശ്ലീലം, തുറന്നടിച്ച് നടന്‍

മലയാള സിനിമയിലെ താര സംഘടനയായ അമ്മ വിജയ് ബാബു വിഷയത്തില്‍ കൈക്കൊണ്ട നിലപാടിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. ഇപ്പോള്‍ അമ്മയ്ക്ക് എതിരെ തുറന്നടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രകാശ് ബാരെ. കുറേ പേര്‍ക്ക് കൈ നീട്ടം, കുറേ പേര്‍ക്ക് അധികാരം എന്ന നിലയ്ക്ക് നിര്‍മ്മിച്ചെടുത്ത ഒന്നാണ് അമ്മ സംഘടന. അമ്മയില്‍ കുറേ കാരണവന്മാരുണ്ടെന്നും അവരാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്നും പ്രകാശ് ബാരെ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കി.

പ്രകാശ് ബാരെയുടെ വാക്കുകള്‍ ഇങ്ങനെ: നമ്മള്‍ പ്രതീക്ഷിക്കാത്ത എന്ത് കാര്യമാണ് ഇവിടെ നടന്നിരിക്കുന്നത്. സുകുമാര്‍ അഴീക്കോടിനോടും തിലകനോടും സുകുമാരനോടും പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ വെച്ച് നോക്കിയാല്‍ കറക്ട് സ്ഥലത്താണ് പുതിയ ഡോട്ട് വന്നിരിക്കുന്നത്. ജനാധിപത്യപരമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു സംഘടന അല്ല ഇത്. കുറേ പേര്‍ക്ക് കൈ നീട്ടം, കുറേ പേര്‍ക്ക് അധികാരം എന്ന നിലയ്ക്ക് കൃത്യമായി നിര്‍മ്മിച്ചെടുത്തിരിക്കുന്ന വ്യവസ്ഥിതിയാണ്.

എഎംഎംഎ എന്ന് പറഞ്ഞാല്‍ ഒരു കുടുംബം ആണെന്ന് പലപ്പോഴും പറയാറുണ്ട്. അവിടെ കുറേ കാരണവന്മാരുണ്ട്. അവരാണ് കാര്യങ്ങളൊക്കെ തീരുമാനിക്കുക. അതൊരു പാട്രിയാര്‍ക്കല്‍ സെറ്റപ്പ് ആണല്ലോ. ഓണത്തിനും വിഷുവിനുമൊക്കെ കൈ നീട്ടം തരും. ആ കുടുംബത്തിന്റെ ഭാഗമായിട്ട് നിങ്ങള്‍ക്ക് നില്‍ക്കണം എങ്കില്‍ നില്‍ക്കാം. മനസാക്ഷിയുളള ഒരാളും ഇതില്‍ ചേരുകയോ ചേര്‍ന്നാല്‍ തന്നെ നിക്കുകയോ ചെയ്യരുത്. അത്രയും പ്രതിലോമകരമായിട്ടുളള ഒരു സംഘടന ആണത്. മലയാള സിനിമയിലെ ഒരു ക്യാന്‍സര്‍ ആണ് അമ്മ. പല ക്രിമിനല്‍ പ്രവര്‍ത്തികളുടേയും ശരിക്കുളള ബീജാവാപം ഈ സംഘടനയില്‍ നിന്നാണ് വരുന്നത്. ഇതുപോലുളള രണ്ട് സംഘടനകളുണ്ടെങ്കില്‍ കുഴപ്പമില്ല. അവര്‍ക്കിടയില്‍ ബാക്കി മനുഷ്യര്‍ക്ക് ശ്വസിക്കാനുളള ഒരിടം കിട്ടും. ഇവിടിപ്പോ അതില്ല.

സംഘടന രണ്ടായി പോകാതിരിക്കാനുളള പരമമായ ശ്രമമാണ് നടക്കുന്നത്. അതാണ് ശക്തികേന്ദ്രങ്ങളായ ആളുകള്‍ക്ക് പ്രശ്നം വരുമ്പോള്‍ അവരെ ചേര്‍ത്ത് പിടിക്കുകയും ചെയ്യുന്നത്. ഇതിപ്പോള്‍ വലിയ റിസ്‌ക് ആണല്ലോ എടുത്തിരിക്കുന്നത്. കഴിഞ്ഞ ഏഴെട്ട് വര്‍ഷമായി ഐസിസി വേണം എന്നത് നിയമപരമായി നിര്‍ബന്ധമായപ്പോള്‍, എന്തിനാണ് സിനിമയില്‍ ഐസിസി, നമുക്ക് ഐസിസിയെ നടത്തിക്കൊണ്ട് പോകാന്‍ പറ്റുമോ ആനയാണ് ചേനയാണ് എന്നൊക്കെയായിരുന്നു.

കര്‍ണാടകയില്‍ അഞ്ച് വര്‍ഷം മുന്‍പ് നടപ്പാക്കിയതാണ് ഐസിസി. ഇവിടെ അത് നടപ്പാക്കാതെ വെച്ചിരുന്നു. അവസാനം നിര്‍ബന്ധിതരാക്കപ്പെട്ടപ്പോള്‍ ഐസിസി ഉണ്ടാക്കി. അത് മാനിപുലേറ്റ് ചെയ്യാവുന്ന ഐസിസി ആണെന്നും എന്ത് വന്നാലും കുഴപ്പമില്ല നമ്മുടെ ആള്‍ക്കാരാണ് എന്നുളള രീതിയിലായി. ഇടവേള ബാബുവൊക്കെ ഐസിസിയുടെ ഭാഗമായി നില്‍ക്കുക എന്ന് പറഞ്ഞാല്‍ തന്നെ അശ്ലീലമാണ്. ആ സാഹചര്യത്തില്‍ മനസാക്ഷിയുളള ആരെങ്കുമൊക്കെ ഉണ്ടാകുമല്ലോ.

മാലാ പാര്‍വ്വതിയെ പോലുളള കൂടുതല്‍ ആളുകള്‍ ഈ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നത് മാത്രമാണ് നമുക്കൊരു പ്രതീക്ഷയുളളത്. പാര്‍വ്വതിക്ക് മനസാക്ഷിയുണ്ടായിപ്പോയി. അവര്‍ പറയുന്നതിന് അനുസരിച്ച് തുളളുന്ന ഒരാളായിരുന്നുവെങ്കില്‍ പതിവ് പോലെ അവരുടെ പൊറാട്ട് നാടകം ഇവിടെ നടക്കുമായിരുന്നു. ആണും പെണ്ണും ഒരുമിച്ച് ജോലി ചെയ്യുന്ന ഇടങ്ങളില്‍ പല തരത്തിലുളള പ്രശ്നങ്ങളും ഉണ്ടാവാം.

ഇവിടെ ആഗ്രഹിക്കുന്നത് ആണുങ്ങള്‍ക്ക് മേധാവിത്വം വേണം എന്നാണ്. നടിയുടെ മുറിയില്‍ സംവിധായകന്‍ വൈകിട്ട് കയറിച്ചെന്ന് ലൈറ്റ് ഓഫാക്കിയാല്‍ സംവിധായകന്റെ മനസ്സിലുളളത് നടിക്ക് മനസ്സിലായിരിക്കണം. അത്ര എളുപ്പമായിരിക്കണം എന്നാണ് ഇവരൊക്കെ ധരിച്ച് വെച്ചിരിക്കുന്നത്. ഇത് നടക്കുന്ന കാര്യമാണ്. അത്തരത്തില്‍ അധികാരം ഉപയോഗിക്കാത്ത തരത്തിലേക്ക് ഇവരെ മാറ്റിയെടുക്കണമെങ്കില്‍ വലിയ ശ്രമം ഉണ്ടാകണം.