ഒരിക്കലും ചേട്ടന്‍ അത് ചെയ്യില്ല, ഗായത്രിയെ പ്രവീണ്‍ കൊലപ്പെടുത്തില്ലെന്ന് പ്രവീണിന്റെ ഭാര്യ

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ ഗായത്രി എന്ന യുവതിയുെട കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായ പ്രവീണിന്റെ ഭാര്യയുടെ മൊഴിയെടുത്തു. തന്റെ ഭര്‍ത്താവ് അങ്ങനെ ചെയ്യില്ലെന്നും, പ്രവീണ്‍ ഒരിക്കലും ഗായത്രിയെ കൊലപ്പെടുത്തിയതായി താന്‍ കരുതുന്നില്ലെന്നും ഭാര്യ മൊഴി നല്‍കി. പരവൂര്‍ സ്റ്റേഷനില്‍ പരാതി കൊടുത്ത ശേഷം ഇരുവരും തമ്മില്‍ ബന്ധം ഉണ്ടായിരുന്നില്ലെന്നും പ്രവീണിന്റെ ഭാര്യ പറഞ്ഞു

അതേസമയം ഗായത്രിയെ പ്രവീണ്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. താലി കെട്ടിയ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് പ്രവീണ്‍ ഗായത്രിയെ കൊലപ്പെടുത്തിയത്. നഗരത്തിലെ ആഭരണശാലയില്‍ ജോലി ചെയ്യുമ്പോള്‍ പരിചയത്തിലായ ഇരുവരും അടുപ്പത്തിലായി. അടുപ്പം പ്രവീണിന്റെ ഭാര്യ അറിയുകയും പ്രശ്‌നമാവുകയും ചെയ്തു. എന്നാല്‍ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ഗായത്രി ഒരുക്കമായിരുന്നില്ല. ഒരുമിച്ച് ജീവിക്കണമെന്ന നിലപാടില്‍ യുവതി ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചത്.

വെള്ളിയാഴ്ച്ച രാവിലെ കാട്ടാക്കടയില്‍ നിന്ന് പ്രവീണ്‍ തന്നെയാണ് ഗായത്രി നഗരത്തിലേക്ക് കൂട്ടിക്കൊണ്ട് വരുന്നത്. രാവിലെ 10 മണിക്ക് തന്നെ ഹോട്ടലില്‍ മുറിയെടുത്തു. ഒടുവില്‍ പ്രവീണ്‍ മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ ഗായത്രിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. ശേഷം മുറി പുറത്തു നിന്ന് പൂട്ടി കൊല്ലത്തേക്ക് രക്ഷപെട്ടു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചിട്ടുള്ളതിനാല്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ പ്രവീണ്‍ അത് മറച്ചുവച്ചാണ് ഗായത്രിയുമായി അടുത്തത്. ഗായത്രിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഒരു പള്ളിയില്‍ വെച്ച് പ്രവീണ്‍ യുവതിയുടെ കഴുത്തില്‍ മിന്ന് കെട്ടിയിരുന്നു. ഗായത്രിയുമായി പ്രവീണിനുള്ള ബന്ധം ഭാര്യ അറിയുകയും ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രവീണിനെ ജോലിയില്‍ നിന്ന് തമിഴ്നാട്ടിലേക്ക സ്ഥലംമാറ്റിയിരുന്നു. തമിഴ് നാട്ടിലേക്ക് പോകുമ്പോള്‍ തന്നെയും കൂടെ കൂട്ടണം എന്നായിരുന്നു ഗായത്രിയുടെ ആവശ്യം.